ആസാം:
പരമോന്നത സിവിലിയൻ പുരസ്‌കാരമായ പത്മ നൽകി രാജ്യം ആദരിച്ച പ്രമുഖനെതിരെ പോക്‌സോ കേസ് ചുമത്തി. ആസാമിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത വളർത്തുമകളെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിലാണ് കേസെടുത്തത്.
ഡിസംബർ 17 ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കേസെടുക്കുന്നത്. കോടതിയുടെ പരിഗണയിലിരിക്കുന്നതിനാൽ കേസിനെ കുറിച്ചോ പ്രതിയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പറ്റില്ലെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. എഫ്ഐആർ ചുമത്തിയതിന് പിന്നാലെ ഇയാൾ ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കുകയും മുൻകൂർ ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്. കേസ്‌റിപ്പോർട്ട് ജനുവരി ഏഴിന് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം ഗുരുതരമായ സ്വഭാവമുള്ളതാണെന്ന് ജസ്റ്റിസ് അരുൺ ദേവ് ചൗധരി തന്റെ ഉത്തരവിൽ പറഞ്ഞു. എന്നാൽ തന്റെ പ്രശസ്തിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും കെട്ടിചമച്ച കേസാണിതെന്ന പ്രതിയുടെ ആരോപണവും ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി)ക്കെതിരായ എതിർ ഹർജിയും പരിഗണിച്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.