Fri. Nov 22nd, 2024

എഫ്സി ബാഴ്സലോണയുടെ ഏറ്റവും പുതിയ സൈനിങ് ഫെറാൻ ടോറസിനു കൊവിഡ്. ഇന്നലെയാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നെത്തിയ താരത്തെ ബാഴ്സ അവതരിപ്പിച്ചത്. ഇതോടെ 21കാരനായ സ്പാനിഷ് താരത്തിൻ്റെ ബാഴ്സലോണ അരങ്ങേറ്റം വൈകും.

പരുക്ക് മാറി എത്തിയ പെഡ്രിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് കേസുകൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ബാഴ്സയ്ക്ക് കനത്ത തിരിച്ചടിയാണ് ഇത്. പല ഫസ്റ്റ് ഇലവൻ താരങ്ങളും കൊവിഡ് ബാധിച്ച് പുറത്തായതിനാൽ മയ്യോർക്കക്കെതിരെ പത്തോളം യുവതാരങ്ങളാണ് കളത്തിലിറങ്ങിയത്.

മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്സ വിജയിച്ചിരുന്നു. ടോറസും പെഡ്രിയും കൂടി കൊവിഡ് ബാധിച്ച് പുറത്താവുന്നതോടെ ബാഴ്സ ഇനിയും യുവതാരങ്ങളെ തന്നെ ടീമിൽ ഉൾപ്പെടുത്തേണ്ടിവരും.
65 മില്ല്യൺ യൂറൊയ്ക്ക് നാല് വർഷത്തെ കരാറിലാണ് ഫെറാൻ ടോറസ് ബാഴ്സയിലെത്തിയത്.

ക്ലബിൽ കളിക്കാൻ താരം ശമ്പളം കുറച്ചു എന്ന് ചില റിപ്പോർട്ടുകളുണ്ട്. സാവി പരിശീലകനായതിനു ശേഷം ക്ലബ് നടത്തുന്ന വലിയ ട്രാൻസ്‌ഫറാണ് ഇത്. വലൻസിയയിൽ കരിയർ ആരംഭിച്ച താരം 2020 സീസണിലാണ് സിറ്റിയിലെത്തുന്നത്.

സിറ്റിക്കായി 28 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് താരം നേടിയത്. സ്പെയിൻ്റെ വിവിധ ഏജ് ഗ്രൂപ്പ് ടീമുകളിൽ കളിച്ച ടോറസ് സീനിയർ ടീമിൽ 22 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് നേടിയത്.
ബാഴ്സയുടെ 9 താരങ്ങൾക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ക്ലെമെൻ്റ് ലെങ്‌ലെറ്റ്, ഡാനിയൽ ആൽവസ്, ജോർഡി ആൽബ, സെർജീഞ്ഞോ ഡെസ്റ്റ്, ഫിലിപ്പെ കുട്ടീഞ്ഞോ, അബ്ദെ എസൽസൗലി, ഉസ്മാൻ ഡെംബലെ, സാമുവൽ ഉംറ്റിറ്റി, ഗാവി എന്നിവർക്കാന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവർക്കൊപ്പം സെർജിയോ ബുസ്കെറ്റ്സ്, മെംഫിസ് ഡിപായ്, അൻസു ഫാതി, മാർട്ടിൻ ബ്രാത്‌വെയ്റ്റ്, സെർജി റൊബേർട്ടോ എന്നിവർ പരുക്കേറ്റ് പുറത്താണ്.