Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യത്തെ പ്രമുഖ ആശുപത്രിയിലെ ഡോക്ടർമാർ കൂട്ടത്തോടെ കൊവിഡ് പോസറ്റീവാകുന്നത് ആശങ്കയേറ്റുന്നു. ഡൽഹി എയിംസ് ആശുപത്രിയിലെ 50 ഡോക്ടർമാർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ 23 റെസിഡന്റ് ഡോക്ടർമാർക്കും ബിഹാറിലെ പാട്‌ന നളന്ദ മെഡിക്കൽ കോളജ് ആന്റ് ഹോസ്പിറ്റലിലെ 72 ഓളം ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ടുദിവസത്തിനിടെ പാറ്റ്‌നയിലെ ആശുപത്രിയിൽ 159 ഓളം ഡോക്ടർമാരാണ് അസുഖബാധിതരായത്.
പാട്യാലയിലെ രാജിന്ദ്ര ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ കോളജിൽ 60 ലേറെ ഡോക്ടർമാർക്കും 30 ഓളം മെഡിക്കൽ വിദ്യാർഥിനികൾക്കും ലഖ്നൗവിലെ മെദാന്ത ആശുപത്രിയിലെ 25 ആരോഗ്യപ്രവർത്തകർക്കും കോവിഡ്-19 പോസിറ്റീവായിട്ടുണ്ട്. കൊൽക്കത്തിൽ വിവിധ ആശുപത്രികളിലായി 100 ലേറെ ഡോക്ടർമാർ രോഗബാധിതരായെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ഇതിൽ 70 ഓളം ഡോക്ടർമാർ കൽക്കത്ത നാഷണൽ മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നവരാണ്.24 പേർ ചിത്തരഞ്ജൻ സേവ സദൻ ആന്റ് ശിശു സദൻ ആശുപത്രിയിലും ജോലി ചെയ്യുന്നവരാണ്. കൂടുതൽ ഡോക്ടർമാർക്ക് രോഗലക്ഷങ്ങൾ കാണിച്ചതോടെ എയിംസിൽ അവധിയിലുള്ള ഡോക്ടർമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകിയിട്ടുണ്ട്.

സഫ്ദർജംഗ് ആശുപത്രിയിൽ പോസറ്റീവായ ആർക്കും ഒമിക്രോൺ കണ്ടെത്തിയിട്ടില്ലെന്നും നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇവരെല്ലാം ഐസലേഷനിൽ കഴിയുകയാണ്. രാജ്യതലസ്ഥാനത്തെ സ്ഥിതി അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.