വാഷിങ്ടൺ:
ക്രിസ്മസ് അവധിക്കുശേഷം പതിവു തിരക്കുകളിൽ അതിവേഗം തിരിച്ചെത്താമെന്ന അമേരിക്കൻ സ്വപ്നങ്ങൾക്ക് വെല്ലുവിളിയായി ഒമിക്രോണും കാലാവസ്ഥയും. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഞായറാഴ്ച മാത്രം 2679 വിമാന സർവിസുകളാണ് റദ്ദാക്കിയത്. ആഭ്യന്തര സർവിസുകൾ മാത്രമല്ല, രാജ്യാന്തര യാത്രകളും മുടങ്ങി.
തിങ്കളാഴ്ചയും സർവിസ് മുടക്കം തുടരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച 2750ഉം വെള്ളിയാഴ്ച 1300ഉം സർവിസുകൾ മുടങ്ങിയിരുന്നു. ക്രിസ്മസ് അവധിക്കാലത്ത് മൊത്തം മുടക്കം 13,000ത്തിലേറെയാണ്. ഞായറാഴ്ച മാത്രം 9000ത്തിലേറെ സർവിസുകൾ വൈകിയിട്ടുമുണ്ട്.
മറ്റു രാജ്യങ്ങളിലും ഒമിക്രോൺ കാരണം സർവിസ് മുടക്കം വ്യാപകമാകുകയാണ്. ചൈന മാത്രം തിങ്കളാഴ്ച 1000ത്തോളം സർവിസുകൾ ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കയെ പിടിച്ചുലച്ച് കൊടുങ്കാറ്റ് എത്തുന്നതും ഭീഷണിയാകും. ഇതുകൂടിയാണ് അമേരിക്കയെ മുൾമുനയിലാക്കുന്നത്.