ഹോങ്കോങ്:
ഹോങ്കോങ്ങിലെ അവശേഷിക്കുന്ന ജനാധിപത്യ അനുകൂല മാധ്യമസ്ഥാപനത്തിനും താഴ് വീണു. സ്വതന്ത്ര ഓൺലൈൻ മാധ്യമസ്ഥാപനമായ സ്റ്റാന്‍ഡ് ന്യൂസ് ആണ് പൂട്ടിയത്. പൂട്ടുന്നതിനു തൊട്ടുമുമ്പ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയ ഹോങ്കോങ് പൊലീസ് മുതിർന്ന ജീവനക്കാരടക്കം ഏഴുപേരെ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹപരമായ പ്രസിദ്ധീകരണം നടത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
ആക്ടിങ് ചീഫ് എഡിറ്റർമാരായ ചുങ് പുയികൂൻ, പാട്രിക് ലാം എന്നിവരും ബോർഡ് അംഗങ്ങളായ മാർഗരറ്റ് എൻ ജി, ക്രിസ്റ്റീൻ ഫാങ്, ചോ താറ്റ് ചി, ജനാധിപത്യ പ്രതീകമായി അറിയപ്പെടുന്ന ഡെനീസ് ഹൊ എന്നിവരുമാണ് അറസ്റ്റിലായത്.
ഒരാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സ്ഥാപനത്തിലെ കമ്പ്യൂട്ടറുകളും മറ്റ് രേഖകളും പിടിച്ചെടുക്കുകയും ചെയ്തു. തൊട്ടുപിന്നാലെ സ്റ്റാന്‍ഡ് ന്യൂസ് പൂട്ടുകയാണെന്നു കാണിച്ച് പത്രം അധികൃതർ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. 200ൽ ഏറെ പൊലീസുകാരാണ് റെയ്ഡിൽ പങ്കെടുത്തത്.