കോഹിമ:
സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്സ്പ നിയമം നാഗാലാന്‍ഡില്‍ 6 മാസത്തേക്ക് കൂടി നീട്ടി. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര തീരുമാനം. ഡിസംബര്‍ ആറിന് 21 പാരാ സ്പെഷ്യല്‍ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു.
ഇതിന് ശേഷമാണ് നിയമത്തിനെതിരെ പ്രതിഷേധം ശക്തമായത്. നിയമം പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി നെഫ്യു റിയോ വ്യക്തമാക്കിയിരുന്നു. പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും സ്വതന്ത്ര നടപടികള്‍ക്ക് സൈന്യത്തിന് അധികാരം നല്‍കുന്നതാണ് അഫ്‌സ്പ.
മാത്രമല്ല, അഫ്‌സ്പ മേഖലയിലെ സൈനികനെ ശിക്ഷാനടപടികള്‍ക്ക് വിധേയനാക്കണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വേണം. നാഗാലാന്‍റ് വര്‍ഷങ്ങളായി ‘അഫ്സ്പ’ നിയമത്തിന്‍റെ കീഴിലാണ്. 14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നാഗാലാൻഡില്‍ വ്യാപകമായി പ്രതിഷേധ സമരങ്ങൾ നടന്നിരുന്നു.
അഫ്‌സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ കഴിഞ്ഞ ആഴ്ച ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഇതിനിടെയിലാണ് ആറു മാസത്തേക്ക് കൂടീ അഫ്സ്പ നീട്ടിയത്.