Wed. Jan 22nd, 2025
ന്യൂഡൽഹി:

അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ റഫാൽ പോർവിമാനങ്ങൾ വിന്യസിച്ചത് പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തുന്നുണ്ട്. പഴയ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന പോര്‍വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യയെ എങ്ങനെ നേരിടുമെന്നത് സംബന്ധിച്ച് പാക്ക് വ്യോമസേനയിൽ കാര്യമായ ചർച്ചകൾ നടക്കുന്നുണ്ട്. ഇതോടെയാണ് ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വാങ്ങിയതിനു മറുപടിയായി പാക്കിസ്ഥാൻ 25 ചൈനീസ് നിർമിത ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്.

25 ചൈനീസ് മൾട്ടിറോൾ ജെ-10സി ഫൈറ്റർ ജെറ്റുകളുടെ ഫുൾ സ്ക്വാഡ്രൺ പാക്കിസ്ഥാൻ വാങ്ങിയതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ബുധനാഴ്ച മാധ്യമങ്ങളെ അറിയിച്ചു. അടുത്ത വർഷം മാർച്ച് 23ന് നടക്കുന്ന ചടങ്ങിൽ ജെ-10 സി ഉൾപ്പെടുന്ന 25 വിമാനങ്ങളുടെ ഒരു ഫുൾ സ്ക്വാഡ്രൺ പങ്കെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രത്യക്ഷത്തിൽ ചൈന തങ്ങളുടെ ഏറ്റവും വിശ്വസനീയമായ യുദ്ധവിമാനങ്ങളിലൊന്നായ ജെ-10സി നൽകി അവരുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയെ രക്ഷിക്കാൻ എത്തിയിരിക്കുകയാണ് എന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത്.

ഇതിനിടെ മന്ത്രി വിമാനത്തിന്റെ പേര് ജെ-10സി എന്നതിന് പകരം ജെഎസ്-10 എന്ന് തെറ്റായി ഉച്ചരിച്ചതും മാധ്യമങ്ങളിൽ വാർത്തയായി. ‘പാക്കിസ്ഥാനിലേക്ക് ആദ്യമായി വിഐപി അതിഥികൾ വരുന്നു (മാർച്ച് 23-ന് ചടങ്ങിൽ പങ്കെടുക്കാൻ), ജെഎസ്-10 (ജെ-10സി) ന്റെ ഫ്ലൈ-പാസ്റ്റ് ചടങ്ങ് നടക്കുന്നു, പാക്കിസ്ഥാൻ വ്യോമസേന ചൈനയുടെ ജെഎസ്- ന്റെ ഫ്ലൈ-പാസ്റ്റ് നടത്താൻ പോകുന്നു. റഫാലിന് മറുപടിയായി 10 (ജെ-10സി) പോർവിമാനം’ ഇതായിരുന്നു മന്ത്രി അഹമ്മദ് പറഞ്ഞത്.

കഴിഞ്ഞ വർഷം പാക്കിസ്ഥാൻ-ചൈന സംയുക്ത അഭ്യാസത്തിന്റെ ഭാഗമായും ജെ-10സി വിമാനങ്ങൾ പങ്കെടുത്തിരുന്നു. അന്ന് പാക്കിസ്ഥാനിൽ നിന്നുള്ള വിദഗ്ധർക്ക് യുദ്ധവിമാനങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ അവസരം ലഭിച്ചിരുന്നു. ഡിസംബർ 7 ന് പാക്കിസ്ഥാനിൽ നടന്ന സംയുക്ത അഭ്യാസങ്ങൾ ഏകദേശം 20 ദിവസം നീണ്ടുനിന്നിരുന്നു.

ചൈനയുടെ ജെ-10സി, ജെ-11ബി ജെറ്റുകൾ, കെജെ-500 മുന്നറിയിപ്പ് വിമാനങ്ങൾ, വൈ-8 ഇലക്ട്രോണിക് വിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ളത് അന്നത്തെ സൈനികാഭ്യാസത്തിൽ പങ്കെടുത്തു. അതേസമയം പാക്കിസ്ഥാന്റെ ഭാഗത്തു നിന്നു ജെഎഫ്–17, മിറാഷ് യുദ്ധവിമാനങ്ങളാണ് പങ്കെടുത്തത്.