Wed. Jan 22nd, 2025
ചെന്നൈ:

തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ സി ഐ എസ് എഫിന്‍റ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തിൽ നിന്ന് പതിനൊന്നുകാരന് വെടിയേറ്റു. പുതുക്കോട്ട അമ്മഛത്രം പഞ്ചായത്തിലെ സിഐഎസ്എഫ് സ്‌നൈപ്പർ പരിശീലന കേന്ദ്രത്തിലാണ് സംഭവം. പുതുക്കോട്ട നാർത്താമലൈ സ്വദേശിയായ കലൈസെൽവന്‍റെ മകൻ പുകഴേന്തിക്കാണ് വെടിയേറ്റത്. കുട്ടിയുടെ നില ഗുരുതരമാണ്.

മുത്തച്ഛനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം. സൈനികർ സ്നൈപ്പർ റൈഫിൾ പരിശീലനം നടത്തുന്നതിനിടെ കുട്ടിയുടെ തലയിൽ വെടിയേൽക്കുകയായിരുന്നു. ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് ഉന്നം തെറ്റി പുറത്തേക്ക് പോയതോ സ്ട്രേ ബുള്ളറ്റോ സൈനികരുടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടിയതോ ആണ് അപകടകാരണം എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നാലെ ഷൂട്ടിംഗ് പരിശീലന കേന്ദ്രം താൽക്കാലികമായി അടച്ചു.

കുട്ടിയുടെ നില അതീവ ഗുരുതരമാണ് എന്നാണ് വിവരം. കുട്ടിയെ ആദ്യം പുതുക്കോട്ട സർക്കാർ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സക്കായി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തിൽ പുതുക്കോട്ട പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.