അടൂര്‍:
അടൂര്‍ റവന്യൂ ടവറിൽ അഗ്നിബാധയുണ്ടായാൽ ഏക രക്ഷ പാഞ്ഞെത്തുന്ന ഫയർഫോഴ്സ് യൂനിറ്റാണ്. ആളിപ്പടരും മുമ്പേ തീകെടുത്താൻ ഒന്ന് പരിശ്രമിക്കാമെന്ന് വെച്ചാൽ പ്രവർത്തനക്ഷമമായ ഒരു ഫയർ എക്സ്റ്റിങ്ഗ്യൂഷർ പോലും ഇവിടെയില്ല. കെട്ടിടത്തിൽ ഒരു അഗ്നിരക്ഷ യൂനിറ്റുള്ളത് പ്രവര്‍ത്തനരഹിതമായിട്ട് പതിറ്റാണ്ടുകളായി. ഇത് അറ്റകുറ്റപ്പണിക്ക് നടപടിയില്ല.
കെട്ടിടത്തിെൻറ പരിപാലന ചുമതലയുള്ള സംസ്ഥാന ഹൗസിങ് ബോര്‍ഡ് അധികൃതരുടെ അനാസ്ഥയാണ് 17 പ്രധാന സര്‍ക്കാര്‍ ഓഫിസുകളും 159 കടമുറികളുമുള്ള കെട്ടിടത്തിെൻറ സുരക്ഷ വീഴ്ചക്ക് പ്രധാന കാരണം. ചൊവ്വാഴ്ച ഇവിടെ വക്കീല്‍ ഓഫിസ് മുറിയില്‍ തീപിടിത്തമുണ്ടായപ്പോള്‍ തന്നെ അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ അണക്കാന്‍ സൗകര്യമുണ്ടായിരുന്നെങ്കില്‍ ഓഫിസ് പൂര്‍ണമായും കത്തിനശിക്കില്ലായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് സമരക്കാര്‍ സര്‍ക്കാര്‍ ജീപ്പ് കത്തിച്ചപ്പോഴും റവന്യൂ ടവറിൻറെ ഏറ്റവും മകുളില്‍ മട്ടുപ്പാവില്‍ സ്ഥാപിച്ച രണ്ട് മൊബൈല്‍ ടവറുകള്‍ക്ക് തീപിടിച്ചപ്പോഴും ഫയര്‍ എൻജിനുകള്‍ എത്തി പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തീ അണക്കാന്‍ ഇവിടുത്തെ ഉപകരണങ്ങള്‍ സഹായകമാകാത്തതിനാല് ജീപ്പ് കത്തിനശിക്കുകയും മൊബൈല്‍ ടവറുകള്‍ക്ക് കാര്യമായ നാശം സംഭവിക്കുകയും ചെയ്തിരുന്നു. 2001 മാര്‍ച്ച് 27ന് അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി പി ജെ ജോസഫാണ് ആറുനിലകളോടുകൂടിയ റവന്യൂ ടവര്‍ തുറന്നുകൊടുത്തത്. താലൂക്ക് ഓഫിസ്, സപ്ലൈ ഓഫിസ്, ഹോമിയോപതി ഡിഎം ഒ ഓഫിസ്, ജോ ആർ ടി ഓഫിസ്, ട്രഷറി തുടങ്ങി പ്രധാന സര്‍ക്കാര്‍ ഓഫിസുകളാണ് ഇതിൽ പ്രവർത്തിക്കുന്നത്. 20 വര്‍ഷത്തിനിടെ ഒരു അറ്റകുറ്റപ്പണികളും ഇവിടെ നടത്തിയില്ല.