Thu. May 9th, 2024
കാസർകോട്:

ഇനിയൊരിക്കലും  കണ്ടുമുട്ടാനാകില്ലെന്നു കരുതിയ തന്റെ ഭർത്താവിനെയും പൊന്നോമനകളെയും കണ്ടെത്തിയതിന്റെ ആഹ്ലാദത്തിലാണു കൽപനദേവി. പുതുവർഷമെത്തുന്ന സമയത്ത് ഒരു കുടുംബത്തിനു പുതുജീവിതം നൽകാനായതിന്റെ സന്തോഷത്തിലാണ് കാസർകോട് പിങ്ക് പൊലീസും. ബീഹാർ ഭഗൽപൂർ ജില്ലയിലെ ജഗദീശ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ  കല്പനദേവി (30) ആണു ഡിസംബർ 2നു വീടു വിട്ടത്. പലയിടങ്ങളിലായി കറങ്ങി  5 ദിവസങ്ങൾക്കു ശേഷം 7നു കാസർകോട് റെയിൽവേ സ്റ്റേഷനിലെത്തി.

സ്റ്റേഷനിൽ തനിച്ചിരുന്ന ഒരു യുവതി കരയുകയാണെന്നു വിവരം പൊലീസ് കൺട്രോൾ റൂമിലെത്തി. ഉടൻ പിങ്ക് പൊലീസ് സ്ഥലത്തെത്തി യുവതിയിൽ നിന്നു വിവരങ്ങൾ ആരാഞ്ഞു. ആദ്യമൊക്കെ പറയാൻ വിസമ്മതിച്ചു. പിന്നീട് സങ്കടങ്ങൾ പറഞ്ഞു.

യുവതിക്ക് പിങ്ക് പൊലീസ് പടന്നക്കാടെ സ്നേഹഭവനിൽ അഭയം നൽകി. ഇതിനിടെ യുവതിയോടു ഭർത്താവിന്റെയും ബന്ധുക്കളെയും മേൽവിലാസം ചോദിച്ചെങ്കിലും വ്യക്തമായ മറുപടിയില്ല. ജഗദീശ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണു തന്റെ വീടെന്നു യുവതി പറഞ്ഞതോടെ അവിടെയുള്ള  ഇൻസ്പെക്ടറുമായി ഫോണിൽ ബന്ധപ്പെട്ടു.

യുവതിയെ കാണാനില്ലെന്നു കാണിച്ചു ഭർത്താവിന്റെ പരാതി  ഇവിടെ കിട്ടിയതായി പൊലീസ് അറിയിച്ചു. ഇതോടെ ഭർത്താവിനോട് മക്കളെയും കൂട്ടി  കാസർകോട്ടേക്കു പോകാൻ ജഗദീശ്പൂർ പൊലീസിൽ നിർദേശിച്ചു. ഡൽഹി വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറായിരുന്ന സജിത്ത് പണ്ഡിറ്റ് മക്കളായ ഭാസ്‌കർ പണ്ഡിറ്റ്, സന്ധ്യ, സാക്ഷി എന്നിവരോടൊപ്പമാണു കാസർകോടെത്തിയത്.

കൊവിഡ് കാരണം ഇവരുടെ കുടുംബം പട്ടിണിയിൽ ആയിരുന്നു. ഇതിനിടയിൽ മാനസിക പ്രയാസം കാരണമാണ് കല്പന വീടുവിട്ടതെന്നു പൊലീസ് പറഞ്ഞു. സൂറത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നെടുത്ത ടിക്കറ്റ് മാത്രമാണ് കൈവശം ഉണ്ടായിരുന്നത്. കാസർകോട് പിങ്ക് പൊലീസ് ആണ് നാളുകൾക്ക് ശേഷം ഇവരുടെ പുനഃസമാഗമത്തിന് വഴിതുറന്ന് നൽകിയത്. കുടുംബം നാട്ടിലേക്ക് മടങ്ങി.

പിങ്ക് പ്രൊഡക്ഷൻ പൊലീസ് നോഡൽ ഓഫിസർ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ്കുമാറിന്റെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തീകരിച്ച ശേഷം രാജ്‌കോട്ടിലെ ബന്ധുവിന്റെ വീട്ടിലേക്കാണു ഇവർ മടങ്ങിയത്. പിങ്ക് പൊലീസിലെ  ഓഫിസർമാരായ ടി സരള, കെ രേഷ്മ, കെ ബിന്ദു,വി പ്രവീണ, സി കെ പി പ്രസീത, എം ശ്രുതി  എന്നിവരാണ് യുവതിക്ക് ആവശ്യമായ സഹായങ്ങ‌ൾ നൽകിയത്.