Mon. Nov 25th, 2024
മുണ്ടക്കയം:

പറത്താനം റോഡിൽ യാത്ര ചെയ്താൽ വെട്ടുകല്ലാംകുഴി മല മുകളിൽ നിന്നു വെള്ളം കുത്തി ഒഴുകിയ സ്ഥലത്തു പല നിറങ്ങൾ നിറഞ്ഞ വർണാഭമായ ഒരിടം കാണാം. ദൂരത്തു നിന്നാൽ കണ്ണിനു ഹരം പകരുന്ന കാഴ്ചയാണ്. പക്ഷേ, അടുത്ത് എത്തിയാൽ മാലിന്യമല കണ്ട് അന്തം വിടേണ്ടി വരും.

ടൗണിൽ നിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ പ്ലാന്റ് ഇല്ലാത്തതിനാൽ എന്തു ചെയ്യുമെന്ന പഞ്ചായത്ത് അധികൃതരുടെ ആലോചനകൾ ചെന്നു നിന്നതു പറത്താനം വെട്ടുകല്ലാംകുഴിയിലേക്കാണ്. താൽക്കാലികമായി ഇവിടെ മാലിന്യം തള്ളാം എന്നായിരുന്നു രണ്ടു പതിറ്റാണ്ടു മുൻപത്തെ തീരുമാനം. ആ താൽക്കാലിക തീരുമാനം കാലക്രമേണ സ്ഥിരമായി.

ഇതോടെ നഗരത്തിലെ അഴുക്കുകൾ എല്ലാം മലകയറി. വർഷങ്ങൾ പിന്നിട്ടതോടെ ഒരു മല മുഴുവനും മാലിന്യത്തിൽ നിറഞ്ഞു രൂക്ഷമായ ദുർഗന്ധമായി. 2018 മാർച്ച് വരെ മാലിന്യംതള്ളൽ തുടർന്നു.

പറത്താനം വെട്ടുകല്ലാംകുഴിയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഒഴുകിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ താഴ്‌വാരം വരെ നിറഞ്ഞ നിലയിൽ.
മാലിന്യം തള്ളൽ നിലച്ചപ്പോഴും കാലങ്ങളായി ഇവിടെ തള്ളിയ മാലിന്യങ്ങൾ നീക്കാൻ നടപടി ഉണ്ടായില്ല. 2018 ഓഗസ്റ്റിൽ ശക്തമായ മഴയിൽ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായതോടെ മാലിന്യ മലയുടെ ഒരു ഭാഗം താഴേക്ക് ഒഴുകി.

പറത്താനം തോട് വഴി പുല്ലകയാറ്റിലേക്കും മണിമലയാറ്റിലേക്കും മാലിന്യമെത്തി. ഓരോ മഴക്കാലത്തും ഇതാവർത്തിച്ചു.അഴുകാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇവിടെ ഇപ്പോഴുമുണ്ട്. മലയുടെ മുകളിൽ നിന്നു താഴെ തോടു വരെയുള്ള ഭാഗത്തു പല സ്ഥലങ്ങളിലായി പല നിറങ്ങളിൽ ഇവ കാണാം.