കോഴിക്കോട്:
കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാഫലത്തിലെ പിഴവ് കാരണം യാത്ര മുടങ്ങിയതായി പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി നീന വിമാനത്താവളത്തിലെ സ്വകാര്യ ലാബിനെതിരെയാണ് അധികൃതർക്ക് പരാതി നൽകിയത്. കോഴിക്കോട് പാവങ്ങാട് സ്വദേശിയായ നീന വെള്ളിയാഴ്ച്ചയാണ് അടിയന്തര ആവശ്യത്തിനായി ദുബായിലുള്ള മകളുടെ അടുത്തേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തത്.
ആർടിപിസിആർ പരിശോധനയടക്കം നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തിയാണ് വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. രണ്ട് ഡോസ് വാക്സീനും നേരത്തെ എടുത്തതാണ്. എന്നാല്‍ വിമാനത്താവളത്തില്‍വച്ച് സ്വകാര്യ ലാബ് നടത്തിയ റാപിഡ് ആർടിപിസിആർ പരിശോധനയില്‍ പോസിറ്റീവെന്ന് ഫലം വന്നു.
എന്നാല്‍ യാതൊരു ലക്ഷണങ്ങളുമില്ലാത്ത തനിക്ക് രോഗമില്ലെന്നും രണ്ടാമതും പരിശോധിക്കണമെന്നും അപ്പോൾ തന്നെ ആവശ്യപ്പെട്ടെങ്കിലും ലാബ് അധികൃതർ അനുവദിച്ചില്ല. ഇതോടെ യാത്ര മുടങ്ങി. എന്നാല്‍ തിരിച്ച് നാട്ടിലെത്തി ഇതേ ലാബിന്‍റെ തൊണ്ടയാട് ബ്രാഞ്ചിലെത്തി റാപ്പിഡ് ആർടിപിസിആർ പരിശോധന തന്നെ നടത്തി.ഫലം നെഗറ്റീവ്.
തെറ്റായ പരിശോധനാഫലം കാരണം യാത്ര മുടങ്ങിയെന്ന് മാത്രമല്ല വിസയും ടിക്കറ്റുമടക്കം അരലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നും എയർപോർട്ടില്‍ നിന്നും അപമാനം സഹിക്കേണ്ടി വന്നെന്നുമാണ് നീനയുടെ പരാതി. പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ വ്യോമയാന മന്ത്രാലയത്തിനാണ് നീന പരാതി നല്‍കിയത്. എന്നാല്‍ ശരീരത്തിലെ വൈറസിന്‍റെ അളവിലെ ഏറ്റക്കുറച്ചിലുകളനുസരിച്ച് മണിക്കൂറുകളുടെ ഇടവേളകളില്‍ വ്യത്യസ്ത ഫലം ലഭിക്കാറുണ്ടെന്നും തങ്ങളുടെ ഭാഗത്ത് വീഴച്ചയില്ലെന്നുമാണ് സ്വകാര്യ ലാബ് അധികൃതരുടെ വിശദീകരണം. അതേസമയം നിരവധിപേർ സമാന പരാതി ഉന്നയിക്കുന്നുണ്ടെന്നും ലാബ് അധികൃതർ സമ്മതിച്ചു.