Thu. Jan 23rd, 2025
ആലുവ:

കിഴക്കമ്പലത്തെ പൊലീസിനെതിരായ ആക്രമണത്തിൽ 100 പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 150 ആയി. അറസ്റ്റ് ചെയ്തവരിൽ എട്ടു പേരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം സംഘർഷം ലേബർ കമ്മിഷൻ അന്വേഷിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്ഥലത്തെ ക്രമസമാധാനം എങ്ങനെ നഷ്ടമായെന്ന് പരിശോധിക്കുമെന്നും തൊഴിൽ നിയമങ്ങൾ ലംഘിക്കപ്പെട്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ കിഴക്കമ്പലത്തെ ആക്രമണത്തിൽ തൊഴിലാളികൾ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്ഥിരീകരണം. ഇതര സംസ്ഥാന തൊഴിലാളികൾ ഉപയോഗിച്ചത് എം ഡി എം എ ആണോയെന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യത്തിൽ വിശദമായ പരിശോധന നടത്തും.

തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് നേരത്തെ എൽ എസ് ഡി സ്റ്റാമ്പ് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അക്രമമുണ്ടായ ക്യാമ്പിൽ അഞ്ഞൂറോളം തൊഴിലാളികൾ ഉണ്ട്. അന്തേവാസികളിൽ മലയാളികളും ഉൾപ്പെടുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇതിനിടെ കിഴക്കമ്പലത്ത് പൊലീസ് വാഹനം കത്തിച്ചതിൽ ദുരൂഹതയെന്ന് പൊലീസ് പറയുന്നു. സാധാരണ വസ്തുക്കൾ ഉപയോഗിച്ചല്ല വാഹനം കത്തിച്ചതെന്നാണ് നിഗമനം. കത്തിക്കാൻ മറ്റ് വസ്തുക്കളോ രാസപഥാർത്ഥങ്ങളോ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.