Mon. Dec 23rd, 2024
മാനന്തവാടി:

കുറുക്കൻമൂലയിലെ കടുവ ശല്യത്തിനെതിരെയും വന്യമൃഗ ആക്രമണത്തിൽ ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടും യുഡിഎഫ് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തിവന്ന സത്യാഗ്രഹ സമരം പുനരാരംഭിച്ചു. പിടി തോമസ് എംഎൽഎയുടെ നിര്യാണത്തിൽ ദു:ഖാചരണത്തെ തുടർന്ന് നിർത്തി വെച്ച സമരം ക്രിസ്മസ് ദിനത്തിലാണ് പുനരാരംഭിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി എഎം നിഷാന്ത്, തൃശ്ശിലേരി മണ്ഡലം പ്രസിഡന്‍റ്​ സതീശൻ, മുൻ മണ്ഡലം പ്രസിഡണ്ട് റഷീദ് തൃശ്ശിലേരി, കെഎസ് യു ജില്ല സെക്രട്ടറി സുശോഭ് ചെറുകുമ്പം എന്നിവരാണ് ശനിയാഴ്ച സത്യാഗ്രഹ സമരം നടത്തിയത്.

രാവിലെ ഐസി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഡിസിസി പ്രസിഡന്‍റ്​ എൻഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ അഡ്വ. എൻകെ വർഗീസ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എംകെ അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി.