Wed. Jan 22nd, 2025

വൈപ്പിൻ:

തൊണ്ടി വാഹനങ്ങൾ മൂലം ശ്വാസംമുട്ടി ഞാറയ്ക്കൽ പൊലീസ് സ്റ്റേഷൻ വളപ്പ്. സ്റ്റേഷനിലേക്കു വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത തരത്തിലാണ് കേസുകളുമായി ബന്ധപ്പെട്ടുള്ള വാഹനങ്ങൾ ഇവിടെ തിങ്ങി നിറഞ്ഞിരിക്കുന്നത്. ഇതിനാൽ മറ്റു വാഹനങ്ങൾ സംസ്ഥാന പാതയിലോ സ്റ്റേഷനു തെക്കു വശത്തുള്ള ഇടുങ്ങിയ പോക്കറ്റ് റോഡിലോ പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്.

തൊണ്ടി വാഹനങ്ങൾ പെരുകിയതോടെ പൊലീസുകാരുടെ വാഹനങ്ങളും ജീപ്പും വരെ സൗകര്യമായി പാർക്ക് ചെയ്യാൻ കഴിയുന്നില്ല. വർഷങ്ങൾക്കു മുൻപ് കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ വരെ സ്റ്റേഷൻ പരിസരത്തു കിടപ്പുണ്ട്. ഇവയാകെ കാടു പിടിച്ചു പാമ്പുകളുടേയും  കീരികളുടേയും ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്.

ഇതുമൂലം സ്റ്റേഷൻ പരിസരം  കാടും പടലും നീക്കി വൃത്തിയായി സൂക്ഷിക്കാനും കഴിയുന്നില്ല. കേസുള്ള തൊണ്ടി വാഹനങ്ങൾ വിട്ടുകൊടുക്കാൻ കോടതിയുടെ തീർപ്പു വരെ കാത്തിരിക്കേണ്ടി വരും. പൊലീസ് പരിശോധനകളുടെയും മറ്റും ഭാഗമായി കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ തിരിച്ചെടുക്കാൻ ചിലപ്പോൾ ഉടമകൾ എത്താറില്ല.

വ്യക്തമായ രേഖകൾ ഇല്ലാത്ത വാഹനങ്ങളാണ് ഇത്തരത്തിൽ ഉപേക്ഷിക്കുന്നത്. ഇത്തരം വാഹനങ്ങൾ  ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫിസ് വഴി  പരസ്യലേലം നടത്തുകയാണ് പതിവ്. ഇതിനായി വാഹനങ്ങളുടെ  ഉടമയെ കണ്ടെത്തി നോട്ടിസ് നൽകണം. ഇതിനു ശേഷവും തിരിച്ചെടുക്കാൻ ആരും എത്താത്ത വാഹനങ്ങളാണ് ലേലം ചെയ്യുക.

ഇത്തരം നടപടികൾ മുടങ്ങിയതാണ് സ്റ്റേഷൻ പരിസരം വാഹനങ്ങളുടെ ശവപ്പറമ്പായി മാറാൻ കാരണം. സ്റ്റേഷനിലേക്കുള്ള വഴി അടയുന്ന തരത്തിൽ വാഹനങ്ങൾ പെരുകുമ്പോൾ യന്ത്രസഹായത്തോടെ  എടുത്തു മാറ്റി ഒന്നിനു മുകളിൽ ഒന്നായി കൂട്ടിയിടുകയാണ് ഇടയ്ക്കിടെ ചെയ്യുന്നത്.