Mon. Dec 23rd, 2024
ബീഹാർ:

ബീഹാറിലെ മുസാഫർപൂരിൽ നൂഡിൽസ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആറ് മരണം. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ മുസാഫർപൂർ ജില്ലാ മജിസ്‌ട്രേറ്റ് പ്രാവൺ കുമാർ പുറത്തുവിട്ടു.

മുസാഫർപൂരിലെ ബേല വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തെ തുടർന്ന് സമീപത്തെ വ്യവസായ സ്ഥാപനങ്ങളും തകർന്നിട്ടുണ്ട്. ഫാക്ടറിക്കകത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.

എഎസ്പി ജയകാന്തിന്‍റെ നേതൃത്വത്തിലാണ് സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുന്നത്. രക്ഷാ പ്രവർത്തനത്തിന്‍റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്ക് പിന്നാലെ അഗ്നി ശമന സേനയും എത്തിയത് രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ സഹായിച്ചു. ഇപ്പോൾ സംഭവ സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുകയാണ്. അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക്​ നാല്​ ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന്​ മുഖ്യമന്ത്രി നിതീഷ്​ കുമാർ അറിയിച്ചു.