പത്തനംതിട്ട:
മണ്ഡല കാലത്തും പുനലൂര്‍ അഞ്ചല്‍ റോഡിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാതെ പൊതുമരാമത്ത് വകുപ്പ്. പുനലൂരിനും അഞ്ചലിനും ഇടയില്‍ പിറക്കല്‍ പാലത്തിന് സമീപം പൂര്‍ണ്ണമായും തകര്‍ന്ന റോഡിന്റെ അറ്റകുറ്റപ്പണികളാണ് വൈകിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായി 6 മാസത്തിനിടെ റോഡ് ഇടിഞ്ഞുതാണു.
2 വര്‍ഷത്തിനിടെ റോഡ് തകര്‍ന്നാല്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥ നില നില്‍ക്കെ റോഡ് നന്നാക്കാന്‍ പുതിയ പദ്ധതി തയാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുമരാമത്ത് മന്ത്രി നടപടി എടുത്തു. എന്നാല്‍ നിര്‍മാണത്തില്‍ വീഴ്ച്ചവരുത്തിയ കരാറുകാരനെതിരെ നടപടി എടുക്കാനോ പുനര്‍നിര്‍മാണം നടത്താനോ ശ്രമം ഉണ്ടാകുന്നില്ല എന്നാണ് ആക്ഷേപം.
ഇതരസംസ്ഥാന യാത്രക്കാര്‍ ഉള്‍പെടെ ആശ്രയിക്കുന്ന റോഡാണ് തകര്‍ന്നത്. സാഹചര്യം കണക്കിലെടുത്ത് റോഡിന്റെ അറ്റകുറ്റപ്പണി കരാറുകാരനെ കൊണ്ട് ചെയ്യിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.