Fri. Apr 26th, 2024
ബത്തേരി:

ചേനാട് ഗവ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി കൊമ്മഞ്ചേരി കാട്ടുനായ്ക്ക കോളനിയിലെ ബിനുവിന്റെ മകൻ വിനോദിനു വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് ഒരു ലാപ്ടോപ് കിട്ടി. എന്നാൽ ഇതു പ്രവർത്തിപ്പിക്കാൻ കോളനിയിൽ വൈദ്യുതിയില്ല. ലാപ്ടോപ്പെടുത്ത് വെറുതെ തുറന്നു നോക്കി അടച്ചുവയ്ക്കാനേ വിനോദിന് നിർവാഹമുള്ളു.

ഡിജിറ്റൽ പഠനം കെങ്കേമമാക്കാൻ കുട്ടികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്യുമ്പോൾ അതു പ്രവർത്തിപ്പിക്കാനുള്ള ഭൗതിക സൗകര്യങ്ങൾ കൂടി സർക്കാർ ഒരുക്കി നൽകിയെങ്കിൽ നന്നായേനെയെന്നു പറയുന്നു കുട്ടിയുടെ മാതാപിതാക്കൾ. കാട്ടിനുള്ളിലെ ഒറ്റമുറി കൂരയിലാണു വിനോദും മാതാപിതാക്കളും രണ്ടു സഹോദരങ്ങളും കഴിയുന്നത്. വന്യജീവികൾ വിഹരിക്കുന്ന വനമേഖലയായതിനാൽ ലാപ്ടോപ് കാടിനു പുറത്തുള്ള വീടുകളിൽ കൊണ്ടുപോയി ചാർജ് ചെയ്തു കൊണ്ടുവരികയെന്നതും അസാധ്യം.

വനം വകുപ്പ് കോളനിയിൽ ചെറിയൊരു സോളർ സംവിധാനം ഒരുക്കിയിരുന്നെങ്കിലും അതു പലപ്പോഴും പ്രവർത്തനക്ഷമമല്ല. കാട്ടിനുള്ളിലെ കൊമ്മഞ്ചേരി കോളനിയിൽ കാട്ടുനായ്ക്ക വിഭാഗത്തിലെ 3 കുടുംബങ്ങളാണുള്ളത്. ആകെ 10 പേർ. കോളനിയിൽ നിന്ന് ആതിര, ശിവനന്ദിനി, വിജീഷ്മ, മഞ്ജു എന്നിവരും സ്കൂളിൽ പോകുന്നുണ്ട്.

ശുചിമുറികൾ പോലുമില്ലാത്ത ഇവിടെ നിന്ന് ഈ സാധു കുടുംബങ്ങളെ കൂടുതൽ സൗകര്യങ്ങളുള്ളിടത്തേക്കു മാറ്റിപ്പാർപ്പിക്കേണ്ടത് ആവശ്യമാണ്. വിദ്യാഭ്യാസ, പട്ടികവർഗ, വനം വകുപ്പുകൾ അടിയന്തര ശ്രദ്ധ ചെലുത്തിയാൽ ഇതു സാധ്യമാകും.