Wed. Jan 22nd, 2025

സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് അടുത്ത വർഷം ഫെബ്രുവരി 20 മുതൽ മാർച്ച് ആറു വരെ മലപ്പുറത്ത് നടക്കുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫൈനൽ റൗണ്ട് മത്സരങ്ങളാണ് മലപ്പുറത്ത് നടക്കുക. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിനു പുറമെ കോട്ടപ്പടി സ്റ്റേഡിയവും പരിഗണയിലുണ്ട്. പരിശോധനകൾക്ക് ശേഷം ഫിക്സചർ തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരളമടക്കം 10 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഒരു ടീമിന് നാല് മത്സരങ്ങളുണ്ടാവും. ഫൈനൽ മാർച്ച് ആറിന് നടക്കും. ജില്ലയിലെ സ്റ്റേഡിയങ്ങൾ പരിശീലനത്തിനായി ഉപയോഗിക്കും.

രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടാവുക. ടീം അംഗങ്ങൾക്ക് ബയോബബിൾ സംവിധാനം ഏർപ്പെടുത്തും. സർക്കാർ നേരിട്ടാണ് മത്സരങ്ങൾ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.

കൊവിഡിന് ശേഷം കായിക മേഖലയിലെ ഉണർവ് ലക്ഷ്യമിട്ടാണ് ടൂർണമെന്റ് കേരളത്തിൽ സംഘടിപ്പിക്കുന്നത്. 2030 വരെ ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനുമായി കേരളത്തിന് പ്രത്യേക കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എ ഐ എഫ്എഫ് ബീച്ച് ഫുട്‌ബോൾ കേരളത്തിൽ സംഘടിപ്പിക്കും. ബീച്ച് ഫുട്‌ബോൾ ദേശീയ ടൂർണമെന്റാണ് ആദ്യം നടക്കുക.

കൂടുതൽ മത്സരങ്ങളും, പരിശീലന പരിപാടികളും കേരളത്തിൽ സംഘടിപ്പിക്കും. കരാറിന്റെ ഭാഗമായി ഫുട്‌ബോൾ രംഗത്ത് വലിയ മാറ്റം ഉണ്ടാകും. കോഴിക്കോട് അന്താരാഷ്ട്ര സൗകര്യമുള്ള വലിയ സ്റ്റേഡിയം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.