Wed. Nov 6th, 2024
കോട്ടയം:

കപ്പത്തണ്ടിന്റെ ചുവട്ടിൽ മരുന്നിനും വളത്തിനും പകരം ഒരു ഗുളിക കൊടുത്താലോ. കോട്ടയത്ത് കപ്പയ്ക്ക് ഗുളികപ്രയോഗം ഏറ്റാൽ അങ്ങ് റഷ്യയിലെ സൈബീരിയയിൽ ഉരുളക്കിഴങ്ങിനും ഗുളിക മതി. മണ്ണു കിളച്ച് വളമിടേണ്ട, കീടനാശിനി തളിക്കുകയും വേണ്ട. പകരം കപ്പത്തണ്ട് നടുമ്പോൾ ഒരു ഗുളിക കുഴിച്ചിട്ടാൽ മതി.

കപ്പ വളരുന്നതിനൊപ്പം സമയാസമയം ഗുളികയും വളവും നൽകും. സൈബീരിയ ഫെഡറൽ സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായാണ് ഗുളിക പരീക്ഷണം നടത്തുന്നത്. സൈബീരിയയിൽ കപ്പയില്ല. എന്നാൽ ഉരുളക്കിഴങ്ങാണ് അവിടെ വ്യാപകം.

ഉരുളക്കിഴങ്ങും കപ്പയും സമാന സ്വഭാവത്തിലുള്ളവയാണ്. അതിനാലാണ് കപ്പയിൽ ഗുളിക പരീക്ഷണം നടത്തുന്നത്. വിവിധതരം കീടനാശിനികൾ, വളം എന്നിവയാണ് ഗുളികയായി നൽകുന്നത്. എംജി സർവകലാശാലാവളപ്പിൽ പരീക്ഷണടിസ്ഥാനത്തിൽ കൃഷിയും ചെയ്യുന്നുണ്ട്.

റഷ്യ സർക്കാരിന്റെ സുസ്ഥിര വികസന പദ്ധതിയിൽ നിന്നാണ് ഗവേഷണത്തിനു സഹായം നൽകുന്നത്. എംജി സർവകലാശാലാ വൈസ് ചാൻസലറും രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന ശാസ്ത്രജ്ഞനുമായ ഡോ സാബു തോമസാണ് പദ്ധതിക്കു നേതൃത്വം നൽകുന്നത്. സൈബീരിയ ഫെഡറൽ സർവകലാശാലയിലെ ഗവേഷകരായ അലക്സിയ ദുഡായേ, നടേഷ്ഡ സ്ട്രെൽസോവ, എംജി സർവകലാശാലയിലെ ഗവേഷകരായ ബ്ലെസി, ജിത്തു എന്നിവരും പദ്ധതിയിൽ പങ്കാളികളാണ്.

ആദ്യഘട്ടത്തിൽ കീടനാശിനികളാണ് ഗുളികയായി നൽകുന്നതെന്നു ഡോ. സാബു തോമസ് പറഞ്ഞു. ‘അടുത്ത ഘട്ടത്തിൽ വളവും ഇത്തരത്തിൽ നൽകും. മണ്ണിനു ദോഷം ചെയ്യാതെ കൃത്യമായ അളവിൽ കീടനാശിനിയും വളവും നൽകാം. ചെലവ് കുറവാണ്; കൂടുതൽ ഫലപ്രദവും. വിളവും കൂടുതൽ ലഭിക്കുമെന്നതാണ് മേന്മ’– ഡോ. സാബു തോമസ് പറഞ്ഞു.