Mon. Dec 23rd, 2024
ഡൽഹി:

ക്രെഡിറ്റ്​-ഡെബിറ്റ്​ കാർഡ്​ വിവരങ്ങൾ വിവിധ സൈറ്റുകളിൽ രേഖപ്പെടുത്താതെ ഓൺലൈൻ ഷോപ്പിങ്ങിനുള്ള സംവിധാനം ഒരുങ്ങുന്നു. ഉപയോക്​താക്കളുടെ 16 അക്ക കാർഡ്​ നമ്പർ സി വി വി ഉൾപ്പടെയുള്ള വിവരങ്ങൾ എന്നിവ ഓൺലൈൻ ഷോപ്പിങ്​ സൈറ്റുകൾ ശേഖരിക്കുന്നത്​ തടഞ്ഞ്​ പൂർണ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പുതിയ സാ​ങ്കേതിക വിദ്യയാണ്​ ആർ ബി ഐ അടുത്ത വർഷം അവതരിപ്പിക്കുന്നത്​.

ഓൺലൈനിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്യാനും ഷോപ്പ്​ ചെയ്യാനുമെല്ലാം ഓരോ തവണയും ഇനി കാർഡ്​ വിവരങ്ങൾ നൽകേണ്ടതില്ല. ഇതിന്​ പകരം കാർഡ്​ വിവരങ്ങളെ യുണിക്​ ടോക്കണാക്കി മാറ്റി ഷോപ്പ്​ ചെയ്യാനുള്ള അവസരമൊരുക്കുകയാണ്​ പുതിയ സംവിധാനത്തിൽ. ടോക്കനൈസേഷൻ എന്ന പേരിലാണ്​ ആർ ബി ഐ പുതിയ സാ​ങ്കേതികവിദ്യ അവതരിപ്പിക്കുന്നത്​.

ടോക്കണസേഷൻ നിലവിൽ വരുന്നതോടെ ഓൺലൈൻ പോർട്ടലുകളിലും ട്രാവൽ വെബ്​സെറ്റുകളിലുമെല്ലാം കാർഡ്​ വിവരങ്ങൾ സേവ്​ ചെയ്യുന്ന അവസ്ഥക്ക്​ മാറ്റം വരും. പുതിയ സാ​ങ്കേതികവിദ്യ നടപ്പിലാവുന്നതോടെ വെബ്​സൈറ്റിൽ ഷോപ്പ്​ ചെയ്യാൻ ഒരു​ങ്ങുമ്പോൾ തന്നെ ടോക്കനൈസേഷൻ സെലക്ട്​ ചെയ്യാം. ഈ സംവിധാനം തെരഞ്ഞെടുത്താൽ ബാങ്കിന്‍റെ വെബ്​സൈറ്റിലേക്ക്​ പോവുകയും ആവശ്യമായ വിവരങ്ങൾ നൽകി ടോക്കൺ എടുക്കുകയും ചെയ്യാം. പിന്നീട്​ ​ഈ ടോക്കൺ ഉപയോഗിച്ച്​ വെബ്​സൈറ്റിൽ ഷോപ്പ്​ ചെയ്യാം.

ഉദാഹരണമായി ആമസോണിൽ ഷോപ്പ്​ ചെയ്യാനായി നിങ്ങൾ ഒരു ടോക്കൺ ഉണ്ടാക്കിയാൽ ആ ടോക്കൺ ഉപയോഗിച്ച്​ എപ്പോൾ വേണമെങ്കിലും സൈറ്റിൽ ഷോപ്പ്​ ചെയ്യാം. ഇത്തത്തിൽ മറ്റ്​ വെബ്​സൈറ്റുകൾക്ക്​ വേണ്ടിയും ടോക്കൺ ഉണ്ടാക്കാം. ആവശ്യമില്ലെങ്കിൽ ടോക്കൺ ഒഴിവാക്കുകയും ചെയ്യാം. പുതിയ സേവനം പൂർണമായി സൗജന്യമായിരിക്കുമെന്നും ആർ ബി ഐ അറിയിച്ചു. ഓൺലൈൻ ഷോപ്പിങ്​ സൈറ്റുകളിൽ ഉപയോക്​താക്കളുടെ കാർഡ്​ വിവരങ്ങൾ ചോരുന്നുവെന്ന പരാതികൾക്കിടെയാണ്​ ഇത്​ തടയാൻ ആർ ബി ഐ നീക്കം.