Wed. Nov 6th, 2024
ചൈന:

ഏകദേശം 66 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം ചൈനയിൽ കണ്ടെത്തി. മുട്ടക്കുള്ളിൽ വിരിഞ്ഞിറങ്ങാൻ പാകത്തിലുള്ള ഭ്രൂണമാണ് നാശം സംഭവിക്കാത്ത രീതിയിൽ ഗവേഷകർക്ക് കണ്ടെത്താൻ സാധിച്ചത്.

ചൈനയിലെ ഗാങ്സോ മേഖലയിൽ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. കുറഞ്ഞത് 66 ദശലക്ഷം വർഷം പഴക്കമാണ് കണക്കാക്കുന്നത്. ചരിത്രത്തിൽ ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ട ഭ്രൂണമാണ് ഇതെന്ന് ഗവേഷണ സംഘത്തിലെ ഡോ. ഫിയോൺ വൈസം മാ പറയുന്നു.

പല്ലുകളില്ലാത്ത തെറോപോഡ് ദിനോസറിന്‍റെയോ ഒവിറാപ്റ്റോറൊസർ ദിനോസറിന്‍റെയോ ഭ്രൂണമാകാം ഇതെന്നാണ് നിഗമനം. ‘ബേബി യിങ് ലിയാങ്’ എന്നാണ് ഭ്രൂണത്തിന് ഇവർ പേരിട്ടിരിക്കുന്നത്.

ദിനോസറുകളും ഇന്നത്തെ പക്ഷികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിർണായക വിവരങ്ങൾ നൽകാൻ ഇപ്പോൾ കണ്ടെത്തിയ ഭ്രൂണത്തിന് കഴിയുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. മുട്ടക്കുള്ളിൽ പ്രത്യേക രീതിയിൽ ചുരുണ്ടുകിടക്കുന്ന നിലയിലാണ് ഭ്രൂണം കണ്ടെത്തിയത്. ‘ടക്കിങ്’ എന്നാണ് ഈ രീതിയെ വിശേഷിപ്പിക്കുന്നത്.

പക്ഷിക്കുഞ്ഞുങ്ങളും വിരിഞ്ഞിറങ്ങുന്നതിന് തൊട്ടുമുമ്പ് ഇതേ രീതിയിലാണ് കാണപ്പെടാറ്. ആധുനിക കാലത്തെ പക്ഷികളുടെ ഇത്തരം സവിശേഷതകൾ അവരുടെ ദിനോസർ പൂർവികരിൽ നിന്ന് തന്നെ പരിണമിച്ചിരുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് ഡോ വൈസം മാ പറയുന്നു.