Sat. Jan 18th, 2025
ആറന്മുള:

മണ്ഡലപൂജക്ക്​​ അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്ര ആറന്‍മുളയില്‍ നിന്നും ശബരിമലയിലേക്ക്​ പുറപ്പെട്ടു. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജക്ക് ശേഷം പുലര്‍ച്ചെ ഏഴു മണിയോടെയാണ് തങ്കയങ്കി നിറച്ച പേടകം പേറുന്ന രഥം യാത്ര തുടങ്ങിയത്.

പത്തനംതിട്ട ജില്ലയിലെ 72ഒാളം ക്ഷേത്രങ്ങളിലൂടെ കടന്നു പോകുന്ന ഘോഷയാത്ര ഡിസംബർ 25ന് പമ്പയിലെത്തും. പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് ശരംകുത്തിയില്‍ എത്തുമ്പോള്‍ ഘോഷയാത്രയെ ആചാരാനുഷ്​ഠാനങ്ങളോടെ വരവേല്‍ക്കും.

26നാണ് തങ്കയങ്കി ചാർത്തിയുള്ള മണ്ഡലപൂജ. രാവിലെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തങ്കയങ്കി ദർശിക്കാൻ ഭക്തർക്ക് അവസരം നൽകിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മുൻ വർഷങ്ങളിൽ തങ്കയങ്കി ഘോഷയാത്ര ചടങ്ങുകൾ മാത്രമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുരുക്കിയിരുന്നു.

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ തങ്കം കൊണ്ട് നിര്‍മിച്ച് നടയ്ക്കു​വെച്ച 435 പവന്‍ തൂക്കമുള്ള ആഭരണങ്ങളാണ് തങ്കയങ്കി. ഇത് ചാര്‍ത്തിയാണ് മണ്ഡലപൂജ നടത്തുക.