Sun. Jan 19th, 2025
മിയാമി:

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ റോയൽ കരീബിയന്‍റെ സിംഫണി ഓഫ് ദി സീസിൽ 48 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ശക്തമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടും കപ്പലില്‍ ഇത്രയും പേര്‍ക്ക് രോഗം ബാധിച്ചത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. ആറായിരത്തിലധികം യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

ഒരു യാത്രക്കാരന് പോസിറ്റീവായപ്പോള്‍ സമ്പര്‍ക്കമുള്ളവരില്‍ നടത്തിയ പരിശോധനയിലാണ് മറ്റ് 47 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതേതുടര്‍ന്ന് എല്ലാ യാത്രക്കാരെയും ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചതായും സുരക്ഷാ നടപടികൾ കർശനമാക്കുകയും ചെയ്തതായി ഓപ്പറേറ്റര്‍ അറിയിച്ചു.

കപ്പലിലുണ്ടായിരുന്ന 98 ശതമാനം പേരും പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നതായി ഓപ്പറേറ്റര്‍ അറിയിച്ചു. കൊവിഡ് പോസിറ്റീവായവര്‍ നേരിയ രോഗലക്ഷണങ്ങളുള്ളവരോ ലക്ഷണമില്ലാത്തവരോ ആണ്. എന്നാല്‍ കൊവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ഇതുവരെ കപ്പലില്‍ സ്ഥിരീകരിച്ചിട്ടില്ല.

ഡിസംബർ 11ന് മിയാമിയിൽ നിന്ന് പുറപ്പെട്ട കപ്പല്‍ സെന്‍റ് മാർട്ടൻ, സെന്‍റ് തോമസ്, പെർഫെക്റ്റ് ഡേ എന്നിവിടങ്ങൾ സന്ദർശിക്കുകയും യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിസംബർ 18ന് മിയാമിയിലേക്ക് തിരികെ മടങ്ങുകയും ചെയ്തു.