Wed. Jan 22nd, 2025
വെളിയങ്കോട്:

കടലാക്രമണം നാശം വിതച്ച് ആറ് മാസം കഴിഞ്ഞിട്ടും വെളിയങ്കോട്ടെ 400 കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വൈകുന്നു. ശക്തമായ കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെടുകയും വെള്ളക്കെട്ട് ഉണ്ടാകുകയും ചെയ്ത വെളിയങ്കോട് പഞ്ചായത്തിലെ തീരമേഖലയിലെ കുടുംബങ്ങളാണ് സർക്കാരിന്റെ നഷ്ട പരിഹാരത്തിന് കാത്തിരിക്കുന്നത്. ജൂൺ രണ്ടാം വാരത്തിൽ ഉണ്ടായ ശക്തമായ മഴയിലും കടലാക്രമണത്തിലും വെളിയങ്കോട് പത്തുമുറി, തണ്ണിത്തുറ മേഖലയിലാണ് 50ൽ ഏറെ  വീടുകൾ പൂർണമായും മുന്നൂറോളം വീടുകൾ ഭാഗികമായും തകർന്നത്.

വീടുകളിൽ താമസിക്കാൻ കഴിയാതെ വന്നതോടെ 60 കുടുംബങ്ങൾ വാടക വീട്ടിലും ബന്ധുവീട്ടിലുമാണ് താമസിച്ചു വരുന്നത്. പത്തുമുറി മേഖലയിലാണ് കൂടുതൽ നാശം ഉണ്ടായത്. നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയെങ്കിലും റവന്യു അധികൃതരുടെ മെല്ലപ്പോക്കാണ് നഷ്ട പരിഹാരം വൈകിക്കുന്നതെന്ന് തീരദേശവാസികൾ പറയുന്നു.

പത്തുമുറിയിൽ കടൽ ഭിത്തി പൂർണമായും തകർന്നതോടെ കടൽ കരയിലേക്ക് കയറുകയാണ്. അപകട ഭീഷണിയെ തുടർന്ന് ആൾ താമസമില്ലാത്ത വീടുകളിലേക്ക് തിരമാലകൾ കയറിയത് മൂലം ഏത് സമയത്തും ഈ വീടുകൾ കടലെടുക്കുന്ന അവസ്ഥയിലാണ്. നഷ്ടപരിഹാരം വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ അടുത്ത ദിവസം വെളിയങ്കോട് വില്ലേജ് ഓഫിസിന് മുന്നിൽ സമരം നടത്താനാണ് തീരദേശ വാസികൾ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം നഷ്ടപരിഹാരത്തിന്റെ ഫയലുകൾ താലൂക്ക് ഓഫിസിന് കൈമാറിയതായി റവന്യു അധികൃതർ അറിയിച്ചു.