Wed. Jan 22nd, 2025
ന്യൂഡൽഹി :

സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുവാനുള്ള ബില്ല് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരന്നു. കനത്ത പ്രതിഷേധത്തിനിടെയാണ് ബില്ല് ലോകസഭയിൽ അവതരിപ്പിച്ചത്. നാടകീയ രംഗങ്ങൾക്കാണ് ലോകസഭ സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തി, ബില്ല് കീറിയെറിഞ്ഞു.

വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്ല് ലോകസഭയിൽ അവതരിപ്പിച്ചത്. അപ്രതീക്ഷിതമായാണ് ലോക്സഭയിലെ അജണ്ടയിൽ ബില്ല് ഉൾപ്പെടുത്തിയത്, ബില്ല് സഭയിൽ അവതരിപ്പിച്ച രീതിയിലടക്കം വലിയ എതിർപ്പാണ് പ്രതിപക്ഷത്തിന് ഉള്ളത്. അജണ്ടയില്ലാത്ത ബില്ല് എങ്ങനെയാണ് അവതരിപ്പിച്ചതെന്നാണ് ചോദ്യം.

ബില്ല് 12 മണിയോടെ സഭയിലെ എംപിമാർക്ക് വിതരണം ചെയ്തിരുന്നു.വിവാഹപ്രായം ഇരുപത്തിയൊന്നിലേക്ക് ഉയർത്തുന്ന നിയമം എല്ലാ സമുദായങ്ങൾക്കും ബാധകമായിരിക്കുമെന്നാണ് ബില്ലിൽ വ്യക്തമാക്കുന്നത്. വിവാഹ പ്രായം ഉയർത്തുമ്പോൾ രാജ്യത്തെ ഏഴ് വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടി വരും.

ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി വിവാഹനിയമങ്ങൾ മാറും. മുസ്ലിം ശരിഅത്ത് വ്യവസ്ഥയ്ക്കും മുകളിലാകും നിയമം. ബാലവിവാഹ നിരോധന നിയമത്തിൽ ഇത് എഴുതിച്ചേർക്കും. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് – 1956, ഫോറിൻ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം 7 നിയമങ്ങളാണ് മാറ്റേണ്ടിവരിക.

ബില്ല് ലോകസഭയും രാജ്യസഭയും കഴിഞ്ഞ് രാഷ്ട്രപതി ഒപ്പിട്ടാലും നിയമം നടപ്പാക്കാൻ രണ്ട് വർഷം സാവകാശമുണ്ടാകുമെന്നാണ് കേന്ദ്ര സ‍ർക്കാർ‍ പറയുന്നത്. ഈ സമയം ബോധവൽക്കരണത്തിനായി ഉപയോഗിക്കാമെന്നാണ് വാദം. അങ്ങേയറ്റം സ്ത്രീവിരദ്ധമാണ് കേന്ദ്രത്തിന്റെ പുതിയ നിയമമെന്നാണ് സിപിഐ നേതാവ് ആനി രാജയുടെ പ്രതികരണം.

പെൺകുട്ടികളുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് നീക്കം, പെൺകുട്ടികളെ ശാക്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിൽ അത് മനസിലാക്കാമായിരുന്നു. 21 വയസായാൽ ഉടൻ പെൺകുട്ടിയെ വിവാഹം കഴിച്ചു കൊടുക്കണമെന്ന് പറയുന്നത് പോലെയാണ് ഇത്. കൂടുതൽ ബോധവൽക്കരണവും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് വേണ്ടതെന്ന് നേരത്തെ ഇടതുപക്ഷ പാർട്ടികൾ നിലപാടെടുത്തിരുന്നു.