വയനാട്:
കുറുക്കൻമൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പ് ഇന്നും തിരച്ചിൽ നടത്തും. കഴിഞ്ഞ മൂന്ന് ദിവസമായി ബേഗുർ സംരക്ഷിത വനത്തിലാണ് കടുവയുള്ളത്. നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ വനത്തിനുള്ളിൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നു.
കുംകി ആനയുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞ അഞ്ചുദിവസമായി കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചിട്ടില്ല. മുറിവേറ്റതിനാൽ കടുവ അവശനിലയിലാണെന്നും സംശയമുണ്ട്.
ഇന്നലെ രാത്രിയിൽ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങളിൽ നിന്ന് പരിക്കേറ്റ കടുവ തന്നെയാണ് ഈ മേഖലയിൽ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവ ഉൾവനത്തിലേക്ക് കടന്നതായാണ് വനംവകുപ്പിന്‍റെ വിലയിരുത്തൽ. ഇതുമൂലമാണ് കഴിഞ്ഞ ദിവസം മയക്കുവെടി വെക്കാൻ കഴിയാതിരുന്നത്.
എങ്കിലും കഴുത്തിൽ മുറിവേറ്റ കടുവയെ പിടികൂടി ചികിത്സ നൽകേണ്ടതുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ശനിയാഴ്ച പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ജനവാസമേഖലയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.