Mon. Dec 23rd, 2024
കണ്ണൂർ:

അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞ്‌ കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ. തിരക്കുള്ള വേളയിൽപോലും ടിക്കറ്റ്‌ കൗണ്ടറുകൾ മുഴുവനും തുറക്കാത്ത അവസ്ഥ. ടിക്കറ്റ്‌ ലഭിക്കാൻ യാത്രക്കാർ മണിക്കൂറുകൾ ക്യൂ നിൽക്കണം.

കൊവിഡ്‌ ഇളവ്‌ വന്നതോടെ സ്‌പെഷ്യൽ ട്രെയിനുകൾ പേര്‌ മാറ്റിയെങ്കിലും നിരക്കുകളിൽ വ്യത്യാസം വരുത്തിയിട്ടില്ല. ജനറൽ കംപാർട്ടുമെന്റുകൾ ചില കംപാർട്ട്‌മെന്റുകളിൽ പേരിന്‌ മാത്രം. സീസൺ ടിക്കറ്റുകാർ‌ ആശ്രയിക്കുന്ന ട്രെയിനുകളിൽ ഇനിയും ജനറൽ കംപാർട്ട്‌മെന്റുകൾ അനുവദിച്ചിട്ടില്ല.

ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ്‌ ചൊവ്വാഴ്‌ച സ്‌റ്റേഷൻ സന്ദർശിക്കുന്നതിന്റെ ഭാഗമായി ആകെ ചെയ്‌തത്‌ പാളം മുതൽ പ്ലാറ്റ്‌ഫോം വരെ മോടികൂട്ടൽ. രണ്ട്‌ ട്രെയിൻ ഒരുമിച്ച്‌ സ്‌റ്റേഷനിലെത്തിയാൽ ഇടുങ്ങിയ മേൽപ്പാലത്തിലൂടെ തിങ്ങിഞെരുങ്ങി വേണം പുറത്തേക്ക്‌ കടക്കാൻ. ഒന്നാം പ്ലാറ്റ്‌ഫോമിൽനിന്നും രണ്ടിലേക്കോ നാലിലേക്കോ ‌ എത്താൻ പ്രയാസം ഏറെ.

കൊവിഡ്‌ കാലമായിട്ടും സാമൂഹിക അകലം പാലിക്കാനാവുന്നില്ല. വർഷങ്ങൾ പഴക്കമുള്ള മേൽപ്പാലം പുതുക്കി വീതികൂട്ടി നിർമിക്കണമെന്ന ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട്‌ നാളുകളേറെയായി. കോടികൾ ചെലവഴിച്ച്‌ നിർമിച്ച അടിപ്പാത മഴക്കാലത്ത്‌ വെള്ളക്കെട്ടിലാണ്‌.

പി കെ ശ്രീമതി എംപിയായിരുന്ന കാലത്ത്‌ ഇടപെട്ടതിനെ തുടർന്ന്‌ കിഴക്ക് ഭാഗത്ത് നാലും അഞ്ചും നമ്പർ ഫ്ലാറ്റ് ഫോം നിർമിക്കാൻ ഫണ്ട് അനുവദിച്ചിരുന്നു. ടെണ്ടർ നടപടിയും പൂർത്തിയായി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും സാങ്കേതികത്വം പറഞ്ഞ്‌ നിർമാണം വൈകിക്കുകയാണ്‌. പ്ലാറ്റ്ഫോം സൗകര്യം ഇല്ലാത്തത് കാരണം പല ട്രെയിനുകളും ഇപ്പോഴും ഔട്ടറിൽ തന്നെ.