മണലൂർ:
ഏറെ സ്വാദിഷ്ടമായ മുശു(മുഴി, മൂഷി) ഉൾപ്പെടെയുള്ള നാടൻ മത്സ്യങ്ങൾ വംശനാശ ഭീഷണിയിലെന്ന് മത്സ്യത്തൊഴിലാളികൾ. കുളങ്ങളിലും പുഞ്ചപ്പാടങ്ങളിലും കോൾപ്പാട കനാലുകളിലും ധാരാളമായി ലഭിച്ചിരുന്ന നാടൻമത്സ്യങ്ങൾ അപ്രത്യക്ഷമാവുന്നുവെന്ന് 44 വർഷമായി കുളങ്ങൾ കേന്ദ്രീകരിച്ച് മത്സ്യ ബന്ധനം നടത്തുന്ന മണലൂർ സ്വദേശി തേയ്ക്കാനത്ത് പുരുഷോത്തമൻ(59) പറയുന്നു. മുൻകാലങ്ങളിൽ കുളങ്ങൾ വറ്റിച്ച് മീൻപിടിക്കുമ്പോൾ 50 കിലോയോളം മുശു മാത്രം ലഭിച്ചിരുന്നു. ഇപ്പോൾ ഒരെണ്ണം പോലും കിട്ടാറില്ലെന്ന് അദ്ദേഹം പറഞ്ഞു.
കുറേനാൾ മുമ്പ് കുളങ്ങളിൽ വ്യാപകമായി മുശു പൊങ്ങിക്കിടന്നിരുന്നു. എടുക്കുമ്പോ ൾ ജീവനുണ്ടാകുമെങ്കിലും കരയ്‌ക്കെത്തിച്ചാൽ ചാവും. പിന്നീട് മുശു അപൂർവമായി മാറുകയും ഇപ്പോൾ ഏതാണ്ട് ഇല്ലാതായതായും പുരുഷോത്തമൻ പറയുന്നു.
മറ്റൊരുനാടൻ മത്സ്യമായ ബ്രാലിന്റെ (വരാൽ) ലഭ്യതയും കുറഞ്ഞുവരുന്നുണ്ട്. വരവ് മത്സ്യങ്ങളായ തായ്‌ലൻഡ് ബ്രാലുകൾ നാടൻ മത്സ്യങ്ങളെ തിന്നുതീർക്കുന്നതായും പുരുഷോത്തമൻ പറയുന്നു. മുണ്ടത്തി, കടു, ആരൽ, കരിപ്പിടി, പള്ളത്തി എന്നീ നാടൻ മത്സ്യങ്ങൾക്കും ആവശ്യക്കാർ ഏറെയാണെങ്കിലും വർഷം കഴിയുംതോറും ഈ മത്സ്യങ്ങളുടെ ലഭ്യതയും കുറയുകയാണ്.
വർഷങ്ങൾക്കുമുമ്പ് ജില്ലയിലുൾപ്പെടെ നാടൻ മത്സ്യങ്ങളെ പരക്കെ ബാധിച്ച എപ്പി സൂട്ടിക് അൾസറേറ്റീവ് സിൻഡ്രോം അഥവാ റെഡ് സ്പോട്ട് ഡിസീസ് ആണ് നാടൻ മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമെന്ന് വിദഗ്‌ധർ പറയുന്നു. ശരീരത്തിലെ മാംസം മുഴുവൻ അഴുകി ചത്തുപോകുന്ന അവസ്ഥയാണിത്. അതിന്റെ തുടർച്ചയെന്നോണമാണ് പല നാടൻമത്സ്യങ്ങളും വേരറ്റുപോകുന്നത്.