Sun. Jan 19th, 2025
പാലക്കാട്:

ക്രിസ്മസ്– ന്യൂഇയർ ആഘോഷങ്ങളിൽ ലഹരി നുരയുന്ന നിശാപാർട്ടികൾക്കു വിലക്കിടാൻ എക്സൈസിന്റെ ഓപ്പറേഷൻ–22. കൊവിഡ് ആശങ്ക ഒഴിഞ്ഞെത്തുന്ന ആഘോഷങ്ങൾക്കു സംസ്ഥാനത്തേക്കു വൻതോതിൽ ലഹരി ഒഴുകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണു സ്പെഷൽ ഡ്രൈവിനൊപ്പം ഓപ്പറേഷൻ–22 നടപ്പാക്കുന്നത്. 2022 എന്നതിന്റെ പ്രതീകമായാണ് 22 എന്ന് ഉപയോഗിക്കുന്നത്.

റിസോർട്ടുകൾ, ആഡംബര ഹോട്ടലുകൾ, ക്ലബ്ബുകൾ, ബാറുകൾ എന്നിവ കേന്ദ്രീകരിച്ച് ഡിജെ–നിശാപാർട്ടികൾ നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണു നടപടി. മലമ്പുഴ, നെല്ലിയാമ്പതി, സൈലന്റ്‌വാലി, പറമ്പിക്കുളം തുടങ്ങി ജില്ലയിലെ എല്ലാ വിനോദ സഞ്ചാര മേഖലകളിലും എക്സൈസിന്റെ രഹസ്യാന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചു. കഴിഞ്ഞ ദിവസം തുടങ്ങിയ സ്പെഷൽ ഡ്രൈവ് ജനുവരി 3 വരെ നീളുമെന്ന് പാലക്കാട് ഡപ്യൂട്ടി കമ്മിഷണർ എം എം നാസർ, ഓപ്പറേഷൻ–22 ചുമതലയുള്ള അസി എക്സൈസ് കമ്മിഷണർ എം രാകേഷ് എന്നിവർ അറിയിച്ചു. ജില്ലാതലത്തിൽ ഒരു എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലും താലൂക്ക് തലത്തിൽ എക്‌സൈസ് സർക്കിൾ ഓഫിസ് കേന്ദ്രീകരിച്ചും കൺട്രോൾ റൂം പ്രവർത്തിക്കും.