Mon. Dec 23rd, 2024
ന്യൂഡൽഹി:

സമ്പാദ്യങ്ങൾ സംബന്ധിച്ച്​ പാനമ രേഖകളിലുൾപ്പെട്ട നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചു. നേരത്തെ, ഇ ഡി നോട്ടീസ്​ നൽകിയിരുന്നെങ്കിലും നടി കൂടുതൽ സമയം ആവശ്യപ്പെട്ടതായിരുന്നു.

ഇ ഡി ഉദ്യോഗസ്ഥര്‍ ചോദ്യങ്ങളുടെ പട്ടിക ഇതിനകം തയ്യാറാക്കിയിട്ടുണ്ട്​. ഇ ഡിയുടെ ഡൽഹി ഓഫീസിൽ ഇന്ന് ഹാജരാകുകയോ അല്ലെങ്കിൽ ഹാജരാകാനാകുന്ന ദിവസം അറിയിക്കുകയോ ചെയ്യാനാണ്​ നോട്ടീസിൽ പറയുന്നത്. പാനമ രേഖകളിലൂടെ പുറത്തുവന്ന വിവരങ്ങളിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത്. നേരത്തെ രണ്ടു തവണ വിളിപ്പിച്ചെങ്കിലും ഐശ്വര്യ റായ്​ ഹാജരായിരുന്നില്ല.

വിവിധ ലോകനേതാക്കളും രാഷ്ട്രീയപ്രമുഖരും ഇന്ത്യയില്‍ നിന്നുള്ള ബോളിവുഡ് താരങ്ങളും, കായിക താരങ്ങളും വിദേശങ്ങളില്‍ അക്കൗണ്ട് തുടങ്ങുകയും വന്‍തോതില്‍ നികുതിപ്പണം വെട്ടിച്ച് നിക്ഷേപം നടത്തുകയും ചെയ്തുവെന്ന വിവരങ്ങളാണ് പാനമ രേഖകൾ പുറത്തുവന്നതിന് പിന്നാലെ പരസ്യമായത്.