Mon. Dec 23rd, 2024
ഫ്രാൻസ്:

കൊവിഡ് കേസുകൾ കുതിച്ചുയരവെ മറ്റൊരു ലോക്ഡൗൺ ഒഴിവാക്കാൻ ജാഗ്രത പാലിക്കാൻ പൗരന്മാർക്ക് നിർദേശം നൽകി ഫ്രാൻസ്. ക്രിസ്മസ് ഉൾപ്പെടെയുള്ള അവധി ആഘോഷങ്ങൾക്ക് മുൻപായി എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നുമാണ് അധികൃതരുടെ നിർദേശം.

‘അഞ്ചാം തരംഗം വൻ ശക്തിയോടെ എത്തിയിരിക്കുകയാണ്” വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റക്സ്. യൂറോപ്പിൽ ഒമിക്രോൺ മിന്നൽ പോലെ പടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാസം ആദ്യത്തോടെ രാജ്യത്ത് വൈറസ് ബാധ വൻതോതിൽ വർധിക്കാൻ സാധ്യതയുണ്ടെന്നും കാസ്റ്റക്സ് പറഞ്ഞു.

വൈറസ് വ്യാപനം തടയാൻ ഫ്രാൻസിൽ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള പൊതു പരിപാടികളും വെടിക്കെട്ടുകളും നിരോധിച്ചു. ക്രിസ്മസിന്റെ ഭാഗമായുള്ള ആഘോഷങ്ങളിലും ഒത്തുകൂടലുകളിലും പരമാവധി ആളുകളെ കുറയ്ക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഒമിക്രോൺ കേസുകൾ വൻ തോതിൽ വർധിക്കുന്ന യു കെ ഉൾപ്പെടെ യൂറേപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഫ്രാൻസ് വിലക്കേർപ്പെടുത്തി.

രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ പത്ത് ശതമാനത്തോളം ഒമിക്രോൺ മൂലമാണെന്ന് കരുതുന്നതായി ഫ്രഞ്ച് ആരോഗ്യമന്ത്രി ഒലിവര്‍ വെറന്‍ പറഞ്ഞു.