Mon. Dec 23rd, 2024

ഈ മാസം നടക്കാനിരിക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിനുള്ള യുഎഇ ടീമിനെ നയിക്കുക കണ്ണൂരുകാരൻ. കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടെയും മകനായ അലിഷാൻ ഷറഫുവാണ് യുഎഇയെ നയിക്കുക. ടീമിൽ മുൻപും പലതവണ മലയാളി താരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് യുഎഇ ക്രിക്കറ്റ് ടീമിനെ ഒരു മലയാളി നയിക്കുന്നത്.

18 വയസ്സുകാരനായ അലിഷാൻ കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ടീമിൽ അംഗമായിരുന്നു. യുഎഇ ഏജ് ഗ്രൂപ്പുകളിൽ ഏറെ പ്രതീക്ഷ നൽകിയ അലിഷാൻ ഈ പ്രതീക്ഷകൾക്കനുസരിച്ച് തന്നെയാണ് ബാറ്റ് വീശുന്നത്. കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ താരം പിന്നീട് സീനിയർ ടീമിലും അരങ്ങേറി.

സീനിയർ ലീഗിൽ എടുത്തുപറയത്തക്ക പ്രകടനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും 18 വയസ്സ് മാത്രമുള്ള താരം യുഎഇയുടെ ക്രിക്കറ്റ് ഭാവിയിൽ നിർണായക സ്വാധീനമാവുമെന്ന് ഉറപ്പ്. യുഎഇ ക്രിക്കറ്റ് ബോർഡ് അക്കാദമി ലീഗിലെ ഉയർന്ന വ്യക്തിഗത സ്കോർ (155) അലിഷാൻ്റെ പേരിലാണ്. ദുബായ് ഡിമോന്റ് ഫോർട് യൂണിവേഴ്സിറ്റിയിൽ സൈബർ സെക്യൂരിറ്റി വിദ്യാർഥിയാണ് അലിഷാൻ.

ഈ മാസം 23നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. യുഎഇ തന്നെയാണ് ഏഷ്യാ കപ്പിൻ്റെ വേദി. 23ന് ഇന്ത്യക്കെതിരെ ആദ്യ മത്സരം കളിക്കുന്ന യുഎഇ 25 ന് അഫ്ഗാനിസ്ഥാനും 27ന് പാകിസ്താനുമെതിരെ പോരടിക്കും. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചിരുന്നു.

20 അംഗ സംഘത്തെയാണ് സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 23 മുതൽ ജനുവരി 1 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഡൽഹി താരം യാഷ് ധുൽ ടീമിനെ നയിക്കും. മലയാളി താരം ഷോൺ റോജർക്ക് ടീമിൽ ഇടം ലഭിച്ചില്ല.

ക​ണ്ണൂ​ർ ത​ല​ശേ​രി സ്വ​ദേ​ശി വി​നാ​യ​ക്​ വി​ജ​യ​രാ​ഘ​വ​നും പാ​തി മ​ല​യാ​ളി​യാ​യ റോ​ണ​ക്​ സു​ധീ​ഷ്​ പാ​ലോ​ളി​യും ടീ​മി​ലു​ണ്ട്. വി​നാ​യ​ക്​ വി​ജ​യ​രാ​ഘ​വൻ കേ​ര​ള അ​ണ്ട​ർ 14 ടീമിൽ അംഗമായിരുന്നു. റോ​ണ​കിൻ്റെ പി​താ​വ്​ ത​ല​ശേ​രി സ്വ​ദേ​ശി​യും മാ​താ​വ്​ പൂനെ സ്വ​ദേ​ശി​നി​യു​മാ​ണ്.