Fri. Nov 22nd, 2024
അഡ്‌ലെയ്‌ഡ്:

ഓസ്‌ട്രേലിയക്കെതിരെ ആഷസ് രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ കരകയറ്റിയ ഇന്നിംഗ്‌സുമായി കളംനിറയുന്ന ക്യാപ്റ്റന്‍ ജോ റൂട്ടിന് ചരിത്രനേട്ടം. ടെസ്റ്റില്‍ ഒരു കലണ്ടന്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും സുനില്‍ ഗാവസ്‌കറെയും ഓസീസ് മുന്‍താരം മൈക്കല്‍ ക്ലാര്‍ക്കിനേയും മറികടന്ന് റൂട്ട് നാലാമതെത്തി.

അഡ്‌ലെയ്‌ഡില്‍ പുരോഗമിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിന്‍റെ മൂന്നാംദിനമാണ് റൂട്ടിന്‍റെ നേട്ടം. ഗവാസ്‌‌കര്‍ 1979ല്‍ നേടിയ 1555 റണ്‍സും സച്ചിന്‍ 2010ല്‍ കുറിച്ച 1562 റണ്‍സുമാണ് റൂട്ട് പിന്നിലാക്കിയത്. 2012ല്‍ 1595 റണ്‍സ് ഓസീസ് മുന്‍താരം മൈക്കല്‍ ക്ലാര്‍ക്കിനേയും റൂട്ട് മറികടന്നു.

ഗാബയില്‍ നടന്ന ആഷസ് ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സിനിടെ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്, ലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര, നിലവിലെ ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെ റൂട്ട് പിന്നിലാക്കിയിരുന്നു. ഇതിനൊപ്പം ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടുന്ന ഇംഗ്ലീഷ് താരമെന്ന റെക്കോര്‍ഡും അന്ന് ജോ റൂട്ട് സ്വന്തമാക്കി. 2002ല്‍ മൈക്കല്‍ വോണ്‍ നേടിയ 1487 റണ്‍സാണ് താരം പഴങ്കഥയാക്കിയത്.

പാകിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് യൂസഫിന്‍റെ പേരിലാണ് ടെസ്റ്റില്‍ കലണ്ടര്‍ വര്‍ഷം കൂടുതല്‍ റണ്‍സ് നേടിയതിന്‍റെ റെക്കോര്‍ഡ്. 2006ല്‍ 11 മത്സരങ്ങളില്‍ 1788 റണ്‍സ് യൂസഫ് അടിച്ചുകൂട്ടിയിരുന്നു. വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ് 1976ല്‍ അത്രതന്നെ മത്സരങ്ങളില്‍ നിന്ന് നേടിയ 1710 റണ്‍സാണ് രണ്ടാമത്. ദക്ഷിണാഫ്രിക്കയുടെ ഗ്രയിം സ്‌മിത്ത്(1656 റണ്‍സ്) ആണ് മൂന്നാം സ്ഥാനത്ത്.

അഡ്‌ലെയ്‌‌ഡില്‍ പുരോഗമിക്കുന്ന ഇന്നിംഗ്‌സിന് ശേഷം പരമാവധി മൂന്ന് ഇന്നിംഗ്‌സുകള്‍ കൂടിയാണ് ഈവര്‍ഷം യൂസഫിന്‍റെ റെക്കോര്‍ഡ് മറികടക്കാന്‍ റൂട്ടിന് മുന്നിലുള്ളത്. ഡിസംബര്‍ 26ന് മെല്‍ബണില്‍ ബോക്‌സിംഗ് ഡേ ടെസ്റ്റ് തുടങ്ങും. ഈ വര്‍ഷം ടെസ്റ്റില്‍ ആറ് സെഞ്ചുറികള്‍(രണ്ട് ഡബിള്‍) ആണ് റൂട്ടിന്‍റെ സമ്പാദ്യം. ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലെയ്‌ഡ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 62 റണ്‍സുമായി റൂട്ട് ക്രീസിലുണ്ട്.