Wed. Nov 6th, 2024
തൃശൂർ:

ഭിന്നശേഷിക്കാർക്കുള്ള തെറാപ്പി സേവനം ഇനിമുതൽ വീട്ടുപടിക്കൽ ലഭ്യമാകും. ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷനും സാമൂഹ്യസുരക്ഷാമിഷനും ചേർന്ന് ഒരുക്കുന്ന റീഹാബ് എക്‌സ്‌പ്രസിലൂടെയാണ് സേവനം ലഭിക്കുക. കെയുആർടിസിയുടെ ലോ ഫ്‌ളോർ എസി ബസാണ് റിഹാബ് എക്‌സ്‌പ്രസായി സജ്ജീകരിച്ചിരിക്കുന്നത്.

ഫിസിയോതെറാപ്പി, ഒക്യുപേഷനൽ തെറാപ്പി, സ്പീച്ച് തെറാപ്പി, പ്രോസ്‌തെറ്റിക് അസസ്‌മെന്റ് ഉൾപ്പെടെയുള്ള ചികിത്സാസേവനങ്ങൾ റിഹാബ് എക്‌സ്‌പ്രസിൽനിന്ന്‌ ലഭിക്കും. ഡോക്ടർമാരും വിവിധ തെറാപ്പിസ്റ്റുകളും അടങ്ങുന്ന വിദഗ്‌ധ സംഘത്തിന്റെ സേവനം റീഹാബ് എക്‌പ്രസിലുണ്ടാകും. തെറാപ്പി സൗകര്യമില്ലാത്ത മേഖലകളിലാണ് റിഹാബ് എക്‌പ്രസ് ക്യാമ്പ്‌ ചെയ്‌ത്‌ സേവനം നൽകുക.

തുടർതെറാപ്പി ആവശ്യമുള്ള മേഖലകളിൽ നിരന്തര സന്ദർശനവും ഒരുക്കും. ഓരോ മേഖലകളിലും ഭിന്നശേഷി സേവനം ആവശ്യമുള്ളവരെ കണ്ടെത്തി തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും നിപ്മറുമായി ബന്ധപ്പെട്ടാൽ റീഹാബ് എക്‌സ്‌പ്രസ്‌ സേവനം സൗജന്യമായി ലഭിക്കുമെന്ന് നിപ്മർ എക്‌സിക്യൂട്ടീവ് ഡയറക്ടർ സി ചന്ദ്രബാബു പറഞ്ഞു. ഭിന്നശേഷി ഉപകരണങ്ങൾ നൽകുന്നതിന് ഒരു തദ്ദേശസ്ഥാപനത്തിന് പദ്ധതിയുണ്ടെങ്കിൽ ഭിന്നശേഷി സഹായ ഉപകരണ ആവശ്യകതാ നിർണയത്തിനും റീഹാബിൽ സൗകര്യമുണ്ടാകും.

കൂടാതെ അങ്കണവാടികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ വളർച്ചാ വിളംബം പരിശോധിച്ച് ചികിത്സയും നൽകും. സെറിബ്രൽ പാഴ്‌സി, ഓട്ടിസം, ഡൗൺ സിൻഡ്രോം തുടങ്ങി കുട്ടികളിൽ കണ്ടുവരുന്ന രോഗങ്ങളുടെ നിർണയവും ചികിത്സയും നടത്തും.
സാമൂഹ്യസുരക്ഷാ മിഷന്റെ അനുയാത്ര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 96 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി ഒരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വെള്ളി പകൽ 3.30ന് നിപ്മറിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അധ്യക്ഷനാകും.