Wed. Nov 6th, 2024
വണ്ടൂർ:

മുൻപു കെട്ടിടങ്ങളും മറ്റും പൊളിച്ച അവശിഷ്ടങ്ങളും മാലിന്യങ്ങളും നിറഞ്ഞു കാടുമൂടിക്കിടന്ന സ്ഥലം നാട്ടുകൂട്ടായ്മയിൽ സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിൽക്കുന്ന പൂന്തോട്ടമായി മാറി. സംസ്ഥാന പാതയോരത്തു അമ്പലപ്പടിയിലാണ് 30 സെന്റോളം സ്ഥലത്തു നാട്ടുകാർ സൂര്യകാന്തി നട്ടത്. റോഡരികിൽ പൂത്തുനിൽക്കുന്ന സൂര്യകാന്തിച്ചെടികൾ കാണാനും ഫോട്ടോ എടുക്കാനും ഒട്ടേറെപ്പേരാണ് ഇവിടെ എത്തുന്നത്.

നേരത്തേ അപകടങ്ങൾ പതിവായപ്പോൾ അമ്പലപ്പടിക്കൂട്ടം മുൻകൈയെടുത്തു നടത്തിയ റോഡ് വികസനപ്രവർത്തനങ്ങളുടെ തുടർച്ചയായാണു വൃത്തിയാക്കിയ സ്ഥലത്തു ചെടികൾ നടാൻ തീരുമാനിച്ചത്. കർഷകൻ മുരിങ്ങത്ത് ഹരിഹരന്റെ നേതൃത്വത്തിൽ അമ്പലവയലിൽനിന്നാണു വിത്ത് കൊണ്ടുവന്നത്. ഓട്ടോ ഡ‍്രൈവർമാർ മുതൽ ഉദ്യോഗസ്ഥരും വിരമിച്ചവരും വരെ നിലം ഒരുക്കാനിറങ്ങി.

ആദ്യം നട്ട വിത്തുകളിൽ ചിലതു കനത്ത മഴയിൽ ഒഴുകിപ്പോയി. വീണ്ടും നട്ടു. മുളച്ചു തുടങ്ങിയപ്പോൾ തുടർച്ചയായി മഴ കിട്ടിയത് അനുഗ്രഹമായി മാറി. കൃത്യമായി വളമിട്ടു പരിപാലിച്ചതോടെ ചെടികളെല്ലാം നന്നായി വളർന്നു പൂത്തു.‘എന്റെ സൂര്യകാന്തിക്കരികിൽ’ എന്ന പേരിൽ വരും ദിവസങ്ങളിൽ സാഹിത്യ, കലാവിരുന്നൊരുക്കാനും അമ്പലപ്പടിക്കൂട്ടത്തിനു പരിപാടിയുണ്ട്.