Mon. Dec 23rd, 2024
മുംബൈ:

വിവാദമായ ഷീന ബോറ വധക്കേസില്‍ വഴിത്തിരിവ്. തന്‍റെ മകളായ ഷീനയെ കൊലപ്പെടുത്തിയിട്ടില്ലെന്നും അവള്‍ കശ്മീരില്‍ ജീവനോടെയുണ്ടെന്നുമാണ് പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെ പുതിയ വെളിപ്പെടുത്തല്‍. ഇക്കാര്യം വിശദീകരിച്ച് ഇന്ദ്രാണി സിബിഐക്കു കത്തയച്ചു.

ഷീനയെ കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്നാണ് ഇന്ദ്രാണി സിബിഐ ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടത്. ഷീനയെ കശ്മീരില്‍ കണ്ടുവെന്ന്, ജയിലിൽ പരിചയപ്പെട്ട സ്ത്രീ തന്നോട് പറഞ്ഞെന്നാണ് ഇന്ദ്രാണി കത്തില്‍ പറയുന്നത്. എന്നാല്‍ 2012ല്‍ ഷീന ബോറ കൊല്ലപ്പെട്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

ഷീന ബോറ വധക്കേസില്‍ 2015ലാണ് ഇന്ദ്രാണിയെ അറസ്റ്റ് ചെയ്തത്. ഇന്ദ്രാണിയുടെ ആദ്യ ജീവിതപങ്കാളിയിലെ മകള്‍ ഷീന ബോറയെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തി എന്നാണു കേസ്. മുംബൈയിലെ ബൈക്കുള ജയിലിലാണ് ഷീനയുള്ളത്. ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു.

സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജി ഇന്ദ്രാണിയുടെ ഭര്‍ത്താവായിരുന്നു. ഷീന കൊലക്കേസ് ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പീറ്റര്‍ മുഖര്‍ജിയും അറസ്റ്റിലായി. പീറ്റര്‍ മുഖര്‍ജിയുടെ ആദ്യഭാര്യയിലെ മകന്‍ രാഹുലുമായി ഷീന പ്രണയത്തിലായതിനെ തുടര്‍ന്നാണു കൊലപാതകം എന്നാണു സിബിഐയുടെ കണ്ടെത്തല്‍.

ഷീനയെ സഹോദരി എന്നാണ് വര്‍ഷങ്ങളോളം ഇന്ദ്രാണി പരിചയപ്പെടുത്തിയിരുന്നത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഷീന ഇന്ദ്രാണിയെ തുറന്നുകാട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിന്നാലെയായിരുന്നു കൊലപാതകമെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. ഷീന അമേരിക്കയില്‍ പോയെന്നാണ് ഇന്ദ്രാണി ആദ്യം പറഞ്ഞിരുന്നത്. പിന്നീട് മറ്റൊരു കേസില്‍ ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റോയ് തോക്കുമായി പിടിയിലായതിനെ തുടര്‍ന്നാണ് ഷീന ബോറ കൊല്ലപ്പെട്ടെന്ന വിവരം പുറത്തറിഞ്ഞത്.

ബാന്ദ്രയില്‍ വച്ച് ഷീനയെ കൊന്ന ശേഷം മൃതദേഹം വനത്തില്‍ കൊണ്ടുപോയി കത്തിച്ചെന്നാണ് ഡ്രൈവറുടെ മൊഴി. ഇത് സംബന്ധിച്ച് തെളിവ് ലഭിച്ചെന്നും സിബിഐ സംഘം പറയുകയുണ്ടായി. ഷീന ജീവനോടെയുണ്ടെന്ന ഇന്ദ്രാണിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കേസില്‍ പീറ്റര്‍ മുഖര്‍ജിക്ക് 2020ല്‍ ജാമ്യം ലഭിച്ചു. ജയിലിലായിരിക്കെ തന്നെ 2019ല്‍ ഇരുവരും വിവാഹമോചിതരായി.