Mon. Nov 25th, 2024
പയ്യന്നൂർ:

വാക്സീൻ എടുക്കാത്തവരെ തേടി നഗരസഭ വാക്സീൻ വണ്ടിയുമായി വീട്ടുമുറ്റത്തേക്ക്. നഗരസഭയുടെ സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണു വാക്സീനുമായി 44 വാർഡുകൾ കേന്ദ്രീകരിച്ചു വാക്സീൻ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്സീൻ നൽകുന്നതിന് ആരോഗ്യ പ്രവർത്തകരുടെ വാഹനം പര്യടനം നടത്തുന്നത്. ഇന്നും നാളെയും വാഹനം നഗരസഭയുടെ എല്ലാ ഭാഗങ്ങളിലും പര്യടനം നടത്തും.

വാക്സീൻ ലഭിക്കാത്തവരെയും സ്വീകരിക്കാത്തവരെയും കൗൺസിലർമാരും ആശാവർക്കർമാരും കണ്ടെത്തി അവർക്കു മുന്നിൽ വാക്സീൻ വണ്ടി എത്തിച്ചു വാക്സീൻ നൽകും. നാളെയോടെ നഗരസഭയിലെ മുഴുവൻ ആളുകളുടെയും വാക്സിനേഷൻ പൂർത്തിയാക്കുകയാണു വാക്സീൻ വണ്ടിയുടെ ലക്ഷ്യം. നഗരസഭ അധ്യക്ഷ കെ വി ലളിത ഫ്ലാഗ് ഓഫ് ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി ബാലൻ, ടി വിശ്വനാഥൻ, ആരോഗ്യ പ്രവർത്തകരായ ഡോ അബ്ദുൽ ജബ്ബാർ, ജാക്സൻ ഏഴിമല, നിമിഷ എന്നിവർ പ്രസംഗിച്ചു.