Mon. Dec 23rd, 2024
ന്യൂഡൽഹി:

ലഖിംപൂര്‍ ഖേരി സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ച് കോടതി നിര്‍ദ്ദേശ പ്രകാരമാണ് നടപടി. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടർന്ന് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു.

കര്‍ഷകരുടെ മേല്‍ വാഹനം ഇടിച്ചു കയറ്റിയത് മനഃപൂര്‍വ്വമായിരുന്നുവെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തിയത്. സ്ഥലത്ത് വെടിവെപ്പ് നടന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഐപിസി 307, 326, 334 എന്നീ വകുപ്പുകള്‍ കൂടി ചേർത്തത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ നേരത്തെ ചേര്‍ത്തിരുന്നു.

അമിത വേഗത്തില്‍ വാഹനമോടിക്കല്‍, അശ്രദ്ധ കാരണം മരണം സംഭവിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ എടുത്ത് മാറ്റിയാണ് എഫ്ഐആര്‍ പുതുക്കിയത്. മറ്റ് 12 പ്രതികള്‍ക്കെതിരെയും പുതിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സംഭവം ആസൂത്രതമായിരുന്നുവെന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര ജയിലിലെത്തി ആശിഷ് മിശ്രയെ കണ്ടത് വിവാദമായി. കേന്ദ്രമന്ത്രിയെ എത്രയും വേഗം പുറത്താക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ആവശ്യം തള്ളിയതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുസഭകളും പല തവണ തടസ്സപ്പെട്ടു. ചര്‍ച്ച നടത്തി പ്രതിപക്ഷത്തിന് ആയുധം നല്‍കേണ്ടെന്നാണ് പ്രതിരോധത്തിലായ സര്‍ക്കാര്‍ നിലപാട്. അജയ് മിശ്രയെ പുറത്താക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും ആവര്‍ത്തിക്കുകയാണ്.