Wed. Jan 22nd, 2025
കാസർകോട്:

കാസർകോട് മെഡിക്കൽ കോളേജ് പ്രവർത്തനസജ്ജമാകാത്തതിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാവുന്നു. ഒ പി ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കാതെ ജീവനക്കാരെ സ്ഥലം മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം. മെഡിക്കൽ കോളേജിന്‍റെ പ്രവർത്തനം തുടങ്ങുന്നത് വൈകിപ്പിക്കാൻ സർക്കാർ നീക്കം നടത്തുന്നതായും ആരോപണമുയർന്നിട്ടുണ്ട്.

ഒ പി ആരംഭിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മെഡിക്കൽ കോളേജ് സംരക്ഷണ യുവജനകവചം തീർത്തു. ആശുപത്രി തുറക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. സ്ഥലം മാറ്റിയ ജീവനക്കാരെ തിരിച്ചുകൊണ്ടുവന്ന് ഉടൻ ഒ പി വിഭാഗം പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ സമരം നടത്തുമെന്നാണ് സ്ഥലം എം എൽ എ, എൻ എ നെല്ലിക്കുന്നിന്‍റെ പ്രഖ്യാപനം.

മെഡിക്കൽ കോളേജിൽ ഒ പി ആരംഭിക്കാത്തതിൽ ബി ജെ പി യും, മുസ്‍ലിം ലീഗും വെൽഫെയർ പാർട്ടിയും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് പാർട്ടികളുടെ തീരുമാനം.