ലഖ്നോ:
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസി സന്ദർശനത്തെ പരിഹസിച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് മോദിയുടെ രണ്ടുദിവസത്തെ വാരാണസി സന്ദർശനം. യു പിയിലെ ഇറ്റാവയിൽ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയായിരുന്നു അഖിലേഷിന്‍റെ പ്രതികരണം.
‘ഇത് വളരെ നല്ലതാണ്. അദ്ദേഹത്തിന് (നരേന്ദ്രമോദി) അവിടെ ഒരു മാസമല്ല, രണ്ടോ മൂന്നോ മാസം പോലും താമസിക്കാം. താമസിക്കാനുള്ള സ്ഥലമാണ് അവിടം. ആളുകൾ ബനാറസിൽ തങ്ങളുടെ അവസാന നാളുകൾ ചെലവഴിക്കുന്നു’ -പ്രധാനമന്ത്രിയുടെ സന്ദർശനത്തെക്കുറിച്ച് അഖിലേഷ് പറഞ്ഞു.
വാരാണസിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾ സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിലെ ബി ജെ പി സർക്കാറും അതിന്‍റെ അവസാന നാളുകളിലാണെന്ന് യാദവ് പരാമർശിച്ചു.
ബി ജെ പിയുടെ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിൽ അല്ലായിരുന്നെങ്കിൽ ഇറ്റാവയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഐ പി എൽ ആതിഥേയത്വം വഹിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. യു പിയിലെ ഭരണസംവിധാനം ഇറ്റാവയോട് വിവേചനം കാട്ടിയെന്നും യാദവ് കൂട്ടിച്ചേർത്തു.