Mon. Dec 23rd, 2024

ഇന്ത്യൻ ഏകദിന ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കിയതിനു ശേഷമുള്ള ആദ്യ ഏകദിന പരമ്പരയിൽ വിരാട് കോഹ്‍ലി കളിച്ചേക്കില്ല. ഇക്കാര്യം ബിസിസിഐയെ കോഹ് ലി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മകൾ വാമികയുടെ ജന്മദിനം ആഘോഷിക്കാനാണ് കോഹ്‍ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

2020 ജനുവരി 11നാണ് വാമിക ജനിച്ചത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം കുടുംബവുമായി അവധി ആഘോഷിക്കാനാണ് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്റെ പദ്ധതി. ഇന്ത്യന്‍ ഏകദിന ടീമിന്‍റെ നായകസ്ഥാനത്തുനിന്നും വിരാട് കോഹ്‍ലിയെ മാറ്റുകയും പകരം രോഹിത് ശര്‍മ്മയെ നിയോഗിക്കുകയുമാണ് ബിസിസിഐ ചെയ്തത്. ഇത് വന്‍വിവാദമാവുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതല്‍ ഏകദിന നായകസ്ഥാനം രോഹിത് വഹിക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരുന്നത്.

ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്‍ലി നായകസ്ഥാനമൊഴിഞ്ഞതിന് പിന്നാലെ രോഹിത് ടി20 ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു. ജനുവരി 11 മുതല്‍ 15 വരെയാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ അവസാന ടെസ്റ്റ്. ഏകദിന പരമ്പര ആരംഭിക്കുന്നത് ജനുവരി 19 മുതല്‍.

ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍സി മാറ്റം വലിയ ബഹളങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. വിഷയത്തില്‍ കോഹ് ലി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടും ഇല്ല. അതേസമയം മുംബൈയിൽ നടക്കുന്ന പരിശീലനത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് രോഹിതിന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമാകും.

താരത്തിന്റെ കൈക്കാണ് പരിക്ക്. പകരക്കാരനായി ഇന്ത്യയുടെ ‘എ’ ടീം നായകൻ പ്രിയങ്ക് പാഞ്ചാലിനെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെയാണ് രോഹിത് ശർമ്മയ്ക്ക് പരിക്കേൽക്കുന്നത്.