Wed. Jan 22nd, 2025
ന്യൂഡൽഹി:

രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി എംപിമാർ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ മാർച്ചിൽ പങ്കെടുക്കുത്തു.

പാർലമെന്റിൽ ചോദ്യങ്ങളുയർത്താൻ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടാഴ്ചയായി എംപിമാരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ തെറ്റ് ചെയ്തിട്ടില്ല.

ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കുന്നതിനെതിരെയാണ് എംപിമാർ പ്രതിഷേധിച്ചത്. ജനാധിപത്യ പ്രക്രിയകൾ കൊണ്ടു പോകേണ്ടത് ഈ രീതിയിൽ അല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെങ്കിൽ മാപ്പ് പറയണമെന്ന ഉറച്ച നിലപാടിലാണ് കേന്ദ്രം. മാപ്പ് പറയാതെ സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പാർലമെന്റിൽ വ്യക്തമാക്കി.