കൊച്ചി:
എംസി റോഡിൽ കാലടി ശ്രീശങ്കര പാലം ഇന്ന് അർധ രാത്രി മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും. അറ്റകുറ്റപണികൾക്ക് മുന്നോടിയായുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് പാലം അടയ്ക്കുന്നത്. ഇതിന്റെ ഭാഗമായി എംസി റോഡിൽ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തും.
ശനിയാഴ്ച വരെയാണ് പാലം പൂർണമായും അടച്ചിടുന്നത്. ആദ്യ മൂന്ന് ദിവസത്തേക്ക് കാൽനട യാത്ര പോലും അനുവദിക്കില്ല. പണികളുടെ പുരോഗതി പരിശോധിച്ച ശേഷമാകും നിയന്ത്രണങ്ങൾ നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
പാലത്തിന്റെ നിലവിലെ സ്ഥിതി, ഭാരം വഹിക്കുന്നതിനുള്ള ശേഷി, കോൺക്രീറ്റിന്റെ ബലം തുടങ്ങിയവ സംബന്ധിച്ച് പഠിക്കാനാണ് നിയന്ത്രണങ്ങൾ. പാലം അടച്ചിടുന്ന ദിവസങ്ങളിൽ വാഹനങ്ങൾ തിരിച്ചുവിടാനുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടുണ്ട്. വടക്കു ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ അങ്കമാലിയിൽ നിന്ന് ആലുവ പെരുമ്പാവൂർ വഴിയും തെക്കുഭാഗത്ത് നിന്നുള്ളവ പെരുമ്പാവൂരിൽ നിന്ന് ആലുവ അങ്കമാലി വഴിയും തിരിഞ്ഞുപോകണം.
പെരുമ്പാവൂർ ഭാഗത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പെരുമ്പാവൂർ ആലുവ കെഎസ്ആർടിസി വഴിയിലൂടെ മാറമ്പള്ളി തിരുവൈരാണിക്കുളം പാലം കടന്ന് പോകാം. വാഹനങ്ങൾ തിരിഞ്ഞുപോവുന്ന പ്രധാന സ്ഥലങ്ങളിൽ പൊലീസിനെ നിയോഗിക്കുകയും ദിശാബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.