ഇന്ത്യൻ ടീമിന്റെ ഏകദിന നായകന്‍ എന്ന നിലയിൽ വിരാട് കോഹ്‌ലിയുടെ നേട്ടങ്ങള്‍ പറഞ്ഞ് ഇന്ത്യയുടെ പുതിയ ഏകദിന നായകന്‍ രോഹിത് ശർമ്മ. മികച്ച രീതിയിലാണ് കോഹ്‌ലി ടീമിനെ കൊണ്ടുപോയതെന്നും ഇനിയൊരിക്കലും തിരിഞ്ഞുനോക്കാൻ കഴിയാത്ത നിലയില്‍ ടീമിനെ എത്തിച്ചാണ് അദ്ദേഹം നായകസ്ഥാനം ഒഴിയുന്നതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.
“അഞ്ച് വർഷം അദ്ദേഹം ടീമിനെ നയിച്ചു, ഓരോ തവണയും അദ്ദേഹം മുന്നിൽ നിന്ന് നയിച്ചു, ഞങ്ങൾ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു, എല്ലാ കളിയും ജയിക്കാനുള്ള വ്യക്തമായ ധീരതയും നിശ്ചയദാർഢ്യവും ഉണ്ടായിരുന്നു, അതായിരുന്നു മുഴുവൻ ടീമിനുമുള്ള സന്ദേശം,” രോഹിത് പറഞ്ഞു. വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്ക് കീഴില്‍ താന്‍ ആസ്വദിച്ചാണ് കളിച്ചിരുന്നതെന്നും അത് തുടരുമെന്നും രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
2013ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഒരു പ്രധാന ടൂർണമെന്റ് ജയിക്കാൻ കഴിയാത്തതിൽ ഇന്ത്യക്ക് നേരെ വിമർശനം ഉയർന്നിരുന്നു. ആ വെല്ലുവിളി തനിക്ക് അറിയാമെന്നും അത് നികത്താൻ ശ്രമിക്കുമെന്നും രോഹിത് പറഞ്ഞു.
നിലവിലെ ടീം ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച ശർമ്മ, ഒരു വ്യക്തിയെന്ന നിലയിൽ മികച്ചതായി തുടരുക എന്നതാണ് മുഴുവൻ ടീമിന്റെയും പ്രാഥമിക പരിഗണനയെന്ന് കൂട്ടിച്ചേര്‍ത്തു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോഴാണ് വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ്മയെ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി നിയമിച്ചത്.
ടി20 ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്‌ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയായിരുന്നു ഏകദിന നായകസ്ഥാനത്ത് നിന്ന് കൂടി അദ്ദേഹത്തെ മാറ്റുന്നത്. 2022 ജനുവരി 19 നാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തുടങ്ങുന്നത്. രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ആദ്യ ഏകദിനമാവുമിത്.”