Wed. Jan 22nd, 2025
കാസര്‍കോട്:

കാസര്‍കോട് മെഡിക്കല്‍ കോളേജില ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ളവര്‍ക്ക് കൂട്ട സ്ഥലംമാറ്റം. മെഡിക്കല്‍ കോളേജ് ഒപി വിഭാഗം ഈ മാസം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഭൂരിഭാഗം ജീവനക്കാരേയും സ്ഥലം മാറ്റിയത്. നവംബര്‍ പതിനെട്ടിന് ഉക്കിനടുക്കയിലുള്ള കാസര്‍കോഡ് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഈ മാസം ആദ്യം ഒപി വിഭാഗം പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജേര്‍ജിന്‍റെ വാഗ്ദാനം.

ഇതുവരെ ഒപി തുടങ്ങിയില്ലെന്ന് മാത്രമല്ല, മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. ഒപി തുടങ്ങുന്നത് വൈകുമെന്ന് ഇതോടെ ഉറപ്പായി. നവംബര്‍ 27 നുള്ള ഉത്തരവിലാണ് പതിനൊന്ന് നഴ്സുമാരെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയത്.

ഈ മാസം എട്ടിനുള്ള മറ്റൊരു ഉത്തരവില്‍ രണ്ട് ഹെഡ്നേഴ്സുമാരെ ഉള്‍പ്പടെ 17 പേരെ കൊല്ലം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ട് റേഡിയോ ഗ്രാഫര്‍മാര്‍, രണ്ട് ലാബ് ടെക്നീഷ്യന്‍മാര്‍ എന്നിവര്‍ക്കും സ്ഥലം മാറ്റമുണ്ട്. ആറ് ഡോക്ടര്‍മാരേയും വിവിധ ഇടങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ബാക്കിയുള്ള ഡോക്ടര്‍മാര്‍ക്ക് അടുത്ത ദിവസം തന്നെ ഉത്തരവ് ലഭിക്കുമെന്ന് അനൗദ്യോഗിക അറിയിപ്പും ലഭിച്ചു കഴിഞ്ഞു.

വര്‍ക്കിംഗ് അറേ‍ജ്മെന്‍റ് എന്ന പേരിലാണ് കൂട്ടസ്ഥലം മാറ്റം. ഇതോടെ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ എണ്ണം കയ്യിലെണ്ണാവുന്നവര്‍ മാത്രമായി ചുരുങ്ങി. ആദ്യഘട്ട സമരമെന്ന നിലയില്‍ തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് സംരക്ഷണ യുവജന കവചം തീര്‍ക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ തീരുമാനം.