Mon. Dec 23rd, 2024
താ​നൂ​ർ:

തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍ക്കും ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ്പാ​ക്കു​ന്ന താ​നൂ​ര്‍ സ​മ്പൂ​ര്‍ണ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 186.52 കോ​ടി രൂ​പ​യു​ടെ ടെ​ന്‍ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യി. ടെ​ന്‍ഡ​ര്‍ കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​യാ​ല്‍ ഉ​ട​ന്‍ പ്ര​വൃ​ത്തി തു​ട​ങ്ങു​മെ​ന്ന് കാ​യി​ക മ​ന്ത്രി വി ​അ​ബ്​​ദു​റ​ഹി​മാ​ന്‍ പ​റ​ഞ്ഞു. താ​നൂ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യു​ള്ള ടാ​ങ്കി​ൻറെ ടെ​ന്‍ഡ​ര്‍ പൂ​ര്‍ത്തി​യാ​യ​താ​യും താ​നാ​ളൂ​രി​ല്‍ മൂ​ന്ന​ര കോ​ടി രൂ​പ​യു​ടെ പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി ടാ​ങ്ക് നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​ദ്യ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

താ​നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ഉ​യ​ര്‍ന്ന മേ​ഖ​ല​ക​ളി​ലും തീ​ര​ദേ​ശ മേ​ഖ​ല​യി​ലും ശു​ദ്ധ​ജ​ല ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ല്‍ മു​ന്‍കൂ​ട്ടി തീ​രു​മാ​നി​ച്ച പ്ര​കാ​രം കു​ടി​വെ​ള്ള പ​ദ്ധ​തി പൂ​ര്‍ത്തീ​ക​ര​ണ​ത്തി​നാ​യി ന​ട​പ​ടി​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി തു​ട​രു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 26,558 ക​ണ​ക്​​ഷ​നു​ക​ള്‍ ന​ല്‍കും. ഇ​നി​യും ആ​വ​ശ്യ​മു​ള്ള​വ​ര്‍ അ​പേ​ക്ഷി​ക്കു​ന്ന മു​റ​ക്ക്​ വീ​ണ്ടും ക​ണ​ക്​​ഷ​ന്‍ ന​ല്‍കും.

ഭാ​വി​യി​ല്‍ ര​ണ്ട് ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍ക്ക് കു​ടി​വെ​ള്ളം ന​ല്‍കാ​നാ​കു​ന്ന വി​ധ​ത്തി​ല്‍ അ​ടു​ത്ത 50 വ​ര്‍ഷ​ത്തേ​ക്കു​ള്ള പ​ദ്ധ​തി​യാ​ണ് ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. താ​നാ​ളൂ​രി​ല്‍ പ​ദ്ധ​തി​യോ​ട​നു​ബ​ന്ധി​ച്ച് 5420 ക​ണ​ക്​​ഷ​നു​ക​ള്‍ പ്ര​ത്യേ​ക​മാ​യി ന​ല്‍കും. തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ര്‍ക്ക് ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​കാ​ത്ത പ്ര​ശ്നം ഒ​രു വ​ര്‍ഷ​ത്തി​ന​കം പ​രി​ഹ​രി​ക്കാ​നാ​ണ് ന​ട​പ​ടി​ക​ള്‍ തു​ട​രു​ന്ന​ത്.

താ​നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 71 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി​യാ​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി പ്ര​കാ​രം എ​ല്ലാ വീ​ടു​ക​ളി​ലേ​ക്കും വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കും കു​ടി​വെ​ള്ളം ന​ല്‍കും. ബി ​പി ​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍ക്ക്​ പൂ​ര്‍ണ​മാ​യും സൗ​ജ​ന്യ​മാ​യി​രി​ക്കും. അ​തി​നാ​ല്‍, കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ളും ജ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും പൂ​ര്‍ണ​മാ​യും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.