Wed. Jan 22nd, 2025
ലണ്ടൻ:

നയതന്ത്രരഹസ്യം ചോര്‍ത്തിയെന്നാരോപിച്ച് സിഐഎ വേട്ടയാടുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയൻ അസാൻജിനെ അമേരിക്കയ്‌ക്ക് കൈമാറാന്‍ ലണ്ടന്‍ ഹൈക്കോടതി ഉത്തരവ്. അസാന്‍ജിനെ കൈമാറേണ്ടതില്ലെന്ന ജനുവരിയിലെ കീഴ്‌‌കോടതി ഉത്തരവ് തള്ളി. കുറ്റം തെളിഞ്ഞാൽ ശിക്ഷ അനുഭവിക്കുന്നതിനായി ഓസ്‌ട്രേലിയയിലേക്ക് മാറ്റുമെന്നതടക്കമുള്ള അമേരിക്കന്‍ ആഭ്യന്തരവകുപ്പിന്റെ വ്യവസ്ഥ കോടതി അം​ഗീകരിച്ചു.

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അസാന്‍ജിന്റെ അഭിഭാഷകര്‍ അറിയിച്ചു. ഹൈക്കോടതിക്ക് പുറത്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. അസാന്‍ജിനെ 2019ല്‍ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തതുമുതല്‍ വിചാരണചെയ്യാന്‍ അമേരിക്ക ശ്രമിച്ചുവരികയാണ്.

അമേരിക്കയുടെ ഇറാഖ്, അഫ്​ഗാന്‍ അധിനിവേശത്തിന്റെ പിന്നാമ്പുറ കഥകള്‍ വിക്കിലീക്സ് പുറത്തുവിട്ടതോടെയാണ് അസാൻജ് സിഐഎയുടെ കണ്ണിലെ കരടായത്. അമേരിക്കയുടെ നയതന്ത്രകാപട്യം പുറത്തുകൊണ്ടുവന്ന ഏഴ് ലക്ഷത്തോളം രഹസ്യരേഖയാണ് വിക്കിലീക്സ് പുറത്തുവിട്ടത്.