Mon. Dec 23rd, 2024
തൃശൂർ:

സംസ്ഥാനത്ത് ജനുവരി   മുതൽ ഇ- റേഷൻ കാർഡ് സംവിധാനം നടപ്പാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി ഇ -റേഷൻ കാർഡ് ഉപയോഗിച്ചുള്ള സേവനങ്ങളും ഏർപ്പെടുത്തും.   ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യപൊതുവിതരണ വകുപ്പ് താൽക്കാലികമായി റദ്ദ് ചെയ്ത റേഷൻകടകൾ സംബന്ധിച്ച ഫയൽ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ സംഘടിപ്പിച്ച അദാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
തെളിമ പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് റേഷൻ കടയുമായി ബന്ധപ്പെട്ട പരാതികളും മറ്റും നൽകുന്നതിന് അവസരമുണ്ട്. ജനങ്ങൾക്ക് റേഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ, ആവശ്യങ്ങൾ എന്നിവ അപേക്ഷയായി ഓരോ റേഷൻ കടയ്ക്ക് മുന്നിലും സ്ഥാപിച്ചിട്ടുള്ള ബോക്സുകളിൽ നിക്ഷേപിക്കാം.

തങ്ങളുടെ ആവശ്യങ്ങളുമായി താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകളിൽ കയറിയിറങ്ങി നടക്കുന്നതിന് പകരമായി വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണിത്. ലഭിക്കുന്ന പരാതികൾ   ഉദ്യോഗസ്ഥർ പരിശോധിച്ച്‌  പരിഹാരം കണ്ടെത്തും. കേരളത്തിൽ 1,62,000 ത്തോളം അനർഹമായ മുൻഗണനാ കാർഡുകൾ തിരിച്ചുവാങ്ങി. 

1,30,000 കാർഡുകൾ അർഹർക്ക്‌ നൽകി. മറ്റുള്ളവ വിതരണം ചെയ്‌ത്‌ വരികയാണെന്നും   മന്ത്രി പറഞ്ഞു.