Fri. Nov 22nd, 2024
തളിപ്പറമ്പ്:

ഖരമാലിന്യ സംസ്കരണത്തിൽ അഖിലേന്ത്യാ പ്രശസ്തിയുടെ മികവിൽ തളിപ്പറമ്പ് നഗരസഭ. കേന്ദ്ര സർക്കാരിന്റെ നീതി ആയോഗിന്റെയും ശാസ്ത്ര പരിസ്ഥിതി കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, രാജ്യത്തെ ഖരമാലിന്യ സംസ്കരണത്തിൽ മാതൃകയായ 28 നഗരസഭകളിൽ ഒന്നായാണ് തളിപ്പറമ്പ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇൻഡോർ, പനജി എന്നീ നഗരസഭകളാണ് തളിപ്പറമ്പിന് ഒപ്പമുള്ളത്.

തളിപ്പറമ്പിന് പിന്നാലെ തിരുവനന്തപുരവും ഉറവിട മാലിന്യ സംസ്കരണത്തിൽ ആലപ്പുഴയും പരാമർശിക്കപ്പെട്ടിട്ടുണ്ട്. 2018ൽ നെല്ലിക്ക എന്ന ആപ്പിന്റെ സഹായത്തോടെ ആരംഭിച്ച പ്രവർത്തനങ്ങളാണ് തളിപ്പറമ്പിനെ നീതി ആയോഗിന്റെ പഠനത്തിൽ പരിഗണിച്ചത്. തളിപ്പറമ്പിൽ തുടക്കം കുറിച്ച ഈ ആപ്പ് ഉപയോഗിച്ച് ജില്ലയിൽ 15 തദ്ദേശ സ്ഥാപനങ്ങളിൽ മാലിന്യ ശേഖരണം നടത്തുന്നുണ്ട്.

തളിപ്പറമ്പ് നഗരസഭയിലെ 7 വാർഡുകളിൽ സമ്പൂർണമായി ഇപ്പോൾ ഇത്തരത്തിൽ മാലിന്യ ശേഖരണം നടത്തുന്നു. ഇപ്പോഴത്തെയും മു‍ൻ ഭരണ സമിതിയുടെയും നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളാണ് നെല്ലിക്ക ആപ്പിനെ ജനകീയമാക്കിയത്. ഹരിതകർമ സേന അംഗങ്ങളാണ് ഇവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതെന്ന് നെല്ലിക്ക ആപ്പ് എംഡി കെ പി ഫഹദ് മുനീർ പറഞ്ഞു.

മാലിന്യ ശേഖരണത്തിനായി നഗരസഭയിലെ വീടുകളിലും കടകളിലും പ്രത്യേകം ക്യുആർ കോഡുകൾ പതിപ്പിച്ചിട്ടുണ്ട്. മാലിന്യം ശേഖരിക്കാൻ ഹരിത കർമ സേന അംഗങ്ങൾ വരുന്ന ദിവസം വീട്ടുകാർക്ക് ഫോണിൽ സന്ദേശം ലഭിക്കും. ക്യൂആർ കോഡ് സ്കാൻ ചെയ്താൽ വീട്ടിൽ നിന്ന് മാലിന്യം ശേഖരിച്ചതിന്റെ വിവരങ്ങൾ കാണാം.